തിരുവനന്തപുരം: മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയെ അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കുന്നില്ല. മരട് ഫ്ലാറ്റിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും കാനം പറഞ്ഞു. മരട് ഫ്ലാറ്റുമായി പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിലാണ് കാനം ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്ളാറ്റിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാൻ സുപ്രിം കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് സർവ്വക്ഷി യോഗം വിളിച്ചത്. യോഗത്തിൽ സർക്കാർ വിഷയത്തിൽ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് സർക്കാർ പഴി കേൾക്കുന്നതെന്നും പിണറയായി വിജയൻ പറഞ്ഞു. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫ്ലാറ്റിലെ താമസക്കാർക്ക് പിന്തുണയുമായി എത്തിയിരുന്നു.
അതേസമയം മരടിലെ ഫ്ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കരുതെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഫ്ളാറ്റ് നിർമ്മാതാക്കൾ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആർ.എസ്.പി അഭിപ്രായപ്പെട്ടു.ഫ്ളാറ്റ് പൊളിക്കാൻ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെ യോഗത്തിെന്റ ദിവസവും സമയവും തീരുമാനിച്ചത് വിവാദമായിരുന്നു