വടകര: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ എം. കുഞ്ഞിമൂസ (91) അന്തരിച്ചു.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഇരിങ്ങൽ കോട്ടക്കലിലെ വസതിയിലായിരുന്നു അന്ത്യം.
ഏഴ് പതിറ്റാണ്ട് കാലം മാപ്പിളപ്പാട്ട് ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ എന്നീ നിലകളിൽ ശോഭിച്ച കുഞ്ഞിമൂസ കേരള സംഗീത നാടക അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ആകാശവാണി കോഴിക്കോട് നിലയം പ്രത്യേക ക്ഷണിതാവായിരുന്നു.
'കതിര്‍ കത്തും റസൂലിന്റെ', 'യാ ഇലാഹീ', 'ഖോജരാജാവേ', 'ദറജപ്പൂ' തുടങ്ങിയവ കുഞ്ഞിമൂസയുടെ ഹിറ്റ് ഗാനങ്ങളാണ്.
തലശ്ശേരിയിലെ മൂലക്കൽ തറവാട്ടിൽ അബ്ദുള്ളയുടെയും മറിയുമ്മയുടെയും മകനായി 1929
ലാണ് ജനനം. ചെറുപ്പകാലം മുതൽ തന്നെ പാട്ടുകൾ എഴുതുകയും പാടുകയും ചെയ്ത്
പ്രതിഭ തെളിയിച്ചിരുന്നു. തലശ്ശേരി ടൗണിൽ ചുമട്ടുകാരനായി ജീവിതമാരംഭിച്ച കുഞ്ഞിമൂസയിലെ പ്രതിഭയെ കവിയും സംഗീതജ്ഞനുമായ എ. രാഘവൻ മാസ്റ്ററാണ് തിരിച്ചറിഞ്ഞത്.
രാഘവൻ മാസ്റ്ററുമായുള്ള പരിചയം കുഞ്ഞിമൂസയെ ആകാശവാണിയിലെത്തിച്ചു.
35 വർഷത്തോളം ആകാശവാണിയിൽ പാടി.
മകൻ താജുദ്ദീൻ വടകര പാടി ശ്രദ്ധേയമായ 'നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമാ ... ' എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വരികൾ എഴുതിയതും കുഞ്ഞിമൂസയാണ്.
ഭാര്യ: പരേതയായ നഫീസ. മറ്റ് മക്കൾ: റംല, ഷാഹിദ, മഹസും, റസിയ, ഫസലു, സറീന, മുബീന. മരുമക്കൾ: മുഹമ്മദലി, അബൂബക്കർ, ഉമ്മർകുട്ടി, പരേതരായ അബൂബക്കർ, മുഹമ്മദ്. കബറടക്കം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് വടകര വലിയ ജമാ അത്ത് പള്ളി കബർസ്ഥാനിൽ നടന്നു.