ഒഡീഷ : ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച എയർ ടു എയർ മിസൈലായ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ യുദ്ധവിമാനമായ സുഖോയിൽ നിന്നാണ് 5500 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുന്ന അസ്ത്ര തൊടുത്തുവിട്ടത്.
ഏത് പ്രതികൂലമായ കാലാവസ്ഥയിലും 70 കിമി അപ്പുറത്തുള്ള ലക്ഷ്യം തകർക്കാൻ കഴിയുന്നതാണ് അസ്ത്ര മിസൈൽ.
ഒഡിഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ചാണ് മിസൈൽ വിമാനത്തിൽ നിന്ന് തൊടുത്തത്. ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷനാണ്(ഡി.ആർ.ഡി.ഒ) മിസൈൽ വികസിപ്പിച്ചെടുത്തത്.
ലക്ഷ്യസ്ഥാനത്തെ തിട്ടപ്പെടുത്തി വിജയകരമായി മിസൈൽ അതിനെ തകർത്തു എന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
വിവിധ റഡാറുകൾ, ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം (ഇ.ഒ.ടി.എസ്), സെൻസറുകൾ എന്നിവ ഉപയോഗിച്ച് മിസൈൽ ട്രാക്കുചെയ്താണ് പരീക്ഷണം വിജയകരമായി നടപ്പിലാക്കിയത്. പരീക്ഷണം വിജയകരമായി നടത്തിയതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡി.ആർ.ഡി.ഒ, വ്യോമസേന ടീമുകളെ അഭിനന്ദിച്ചു.
70 കിലോമീറ്ററിലധികം ദൂരപരിധിയിൽ പ്രയോഗിക്കാൻ ശേഷിയുളള തദ്ദേശീയമായി നിർമ്മിച്ച ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ -ടു-എയർ മിസൈലാണ് അസ്ത്ര. മണിക്കൂറിൽ 5,555 കിലോമീറ്ററിലധികം വേഗത്തിൽ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാൻ കഴിയും. ഇതിന് 15 കിലോഗ്രാം വരെ പോർമുന വഹിക്കാൻ കഴിയും. ഡി.ആർ.ഡി.ഒയും മറ്റ് 50 പൊതു, സ്വകാര്യ സ്ഥാപനങ്ങളും ചേർന്നാണ് അസ്ത്ര മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്.