ന്യൂഡൽഹി: അധിനിവേശ കാശ്‌മീർ ഒരു ദിവസം ഇന്ത്യയുടെ അധികാരപരിധിയിൽ വരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.

മോദി സർക്കാർ നൂറ് ദിവസം പൂർത്തിയാക്കിയതോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധിനിവേശ കാശ്‌മീർ ഇന്ത്യയുടെ ഭാഗമാണ്. ആ പ്രദേശം ഒരിക്കൽ നമ്മുടെ അധികാര പരിധിയിൽ വരുമെന്ന് തന്നെയാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത് - ജയശങ്കർ പറഞ്ഞു.

കാശ്‌മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് നമ്മൾ റദ്ദാക്കിയത് എന്തിനാണെന്ന് ലോകസമൂഹം മനസിലാക്കിയിട്ടുണ്ട്. സങ്കുചിത ചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകളാണ് ആ വകുപ്പുണ്ടാക്കിയത്. കാശ്‌മീരിലെ വിഘടന വാദം പാകിസ്ഥാനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് വളം വച്ചു. ഭീകരപ്രവർത്തനത്തെയാണ് ആദ്യം നേരിടേണ്ടത്. ഭീകരപ്രവർത്തനത്തെ ഒരു ദേശീയ നയമായി കൊണ്ടു നടക്കുന്നത് ഏത് രാജ്യമാണെന്ന് എല്ലാവർക്കും അറിയാം. പാകിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങളുമായുള്ള നമ്മുടെ നയത്തിൽ ഒരു മാറ്റവും ഇല്ല. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ കാര്യത്തിൽ പുനർവിചിന്തനമില്ല. വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ മലേഷ്യയിൽ നിന്ന് വിട്ടുകിട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

.