കൊച്ചി: അനുദിനം വളരുന്ന ഇന്ത്യൻ ടെലിവിഷ വിപണിയിലേക്ക് പ്രമുഖ സ്‌മാർട്‌ഫോൺ ബ്രാൻഡായ മോട്ടറോളയും ചുവടുവയ്‌ക്കുന്നു. ചൈനീസ് മൊബൈൽഫോൺ കമ്പനിയായ ലെനോവോയുടെ സ്വന്തമാണ് ഇപ്പോൾ മോട്ടോറോള. അമേരിക്കൻ റീട്ടെയിൽ കമ്പനിയുടെ അധീനതയിലായ ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോം ഫ്ളിപ്‌കാർട്ടുമായി ചേർന്നാണ് മോട്ടോറോള ഇന്ത്യയിൽ ടിവികൾ അവതരിപ്പിക്കുക. മോട്ടോറോള ടിവി വിപണിയിലേക്ക് പ്രവേശിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

ഗൂഗിൾ ആൻഡ്രോയിഡ് പ്ളാറ്ര്‌ഫോമിൽ അധിഷ്‌ഠിതമായ സ്‌മാർട് ടിവികളാണ് മോട്ടോറോള ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 32 ഇഞ്ച് മുതൽ 65 ഇഞ്ചുവരെ വലിപ്പമുള്ള സ്‌ക്രീനുകളിൽ ടിവിയെത്തും. 13,​999 രൂപ മുതലായിരിക്കും വില. സോണി,​ എൽജി.,​ സാംസംഗ്,​ പാനസോണിക്,​ ഷവോമി എന്നിവ വിഹരിക്കുന്ന ഇന്ത്യൻ ടിവി വിപണിയിലേക്ക് അടുത്തിടെ ഒട്ടേറെ പുതിയ ബ്രാൻഡുകൾ എത്തിയിരുന്നു. ജാപ്പനീസ് കമ്പനിയായ സാൻസ്യൂയി,​ മെറ്ര്‌സ്,​ വൺപ്ളസ്,​ തോംസൺ,​ ടെലിഫൻകെൻ എന്നിവ അവയിൽ ചിലതാണ്.