റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷം മൂർച്ഛിക്കുന്നു. ആക്രമണത്തിന് പിന്നിൽ ഇറാന്റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നൽകാൻ തങ്ങൾ പൂർണസജ്ജരാണെന്ന് ആവർത്തിച്ചു. രാജ്യസുരക്ഷയ്‌ക്ക് നേരെയുള്ള എന്ത് ഭീഷണികളെയും നേരിടാൻ തങ്ങൾക്ക് കഴിയുമെന്നും തിരിച്ചടിക്കുമെന്നും സൗദി അധികൃതരും വ്യക്തമാക്കിയതോടെ മേഖലയിൽ സൈനിക നീക്കം നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇത് സംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമനിൽ ഭരണം നടത്തുന്ന ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൗദിക്ക് നേരെ ഇനിയും ആക്രമണം നടത്തുമെന്നും ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അരാംകോയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി പെട്രോൾ ഉത്‌പാദനം കുറച്ചതോടെ ആഗോള വിപണിയിൽ പെട്രോളിയം ഉത്പനങ്ങളുടെ വില കുത്തനെ വർദ്ധിച്ചു. ആഗോളവിപണിയിൽ പെട്രോളിയം ഉത്പനങ്ങൾക്ക് അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൈനിക നീക്കത്തിന് സാധ്യത
ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും സംഭവത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്നാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിക്കുന്നത്. എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഉന്നയിച്ച ഇത്തരം ആരോപണങ്ങൾ തള്ളിക്കളയുന്നതായി ഇറാൻ പ്രതികരിച്ചു. അതേസമയം, ഇറാന്റെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ''ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങൾക്കറിയാം എന്ന് പറയാൻ കാരണങ്ങളുണ്ട്. ഞങ്ങൾ തിര നിറച്ച് തയ്യാറായി നിൽക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികൾ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാൻവേണ്ടി കാത്തിരിക്കുകയാണ്"- ട്രംപ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകളെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതാദ്യമായാണ് അമേരിക്കൻ സേന പ്രതികരിക്കുമെന്ന സൂചന ട്രംപ് നൽകുന്നത്. ഇതിന് പിന്നാലെയാണ് ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന് വ്യക്തമാക്കി സൗദി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി രംഗത്തെത്തുന്നത്. ആക്രമണം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഇറാൻ നിർമിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് എവിടെ നിന്നും വിക്ഷേപിച്ചതാണെന്ന കാര്യത്തിൽ ചില അവ്യക്തതകളുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്ക് പോംപിയോ സൗദിയിലേക്ക്
അതിനിടെ ആക്രമണത്തിന് പിന്നാലെയുണ്ടായ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മൈക്ക് പോംപിയോ ഉടൻ തന്നെ സൗദിയിലും അബുദാബിയിലുമെത്തും. പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്ക് വേണ്ടിയാണ് സന്ദർശനമെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ വിശദീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യു.എ.ഇ ഉപഭരണാധികാരി ഷെയ്‌ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരുമായി പോംപിയോ ചർച്ച നടത്തും. ഇറാന്റെ ആക്രമണം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കാനും അമേരിക്ക ഒരുങ്ങുന്നതായാണ് വിവരം.
ഇനി ലക്ഷ്യം യു.എ.ഇയെന്ന് ഹൂതികൾ
അതേസമയം, പശ്ചിമേഷ്യയിലെ സമാധാനം സംരക്ഷിക്കാൻ എന്ത് വിട്ടുവീഴ്‌ചകൾക്കും തങ്ങൾ തയ്യാറാണെന്ന് ഹൂതി വിമതർ അറിയിച്ചു. എന്നാൽ യെമനിലെ സാധാരണക്കാരെ ക്രൂരമായി ആക്രമിക്കുന്ന യു.എ.ഇയ്‌ക്കും സൗദിക്കും നേരെ കൂടുതൽ ആക്രമണം നടത്തുമെന്നും ഹൂതികളുടെ നേതാവ് മുഹമ്മദ് അബ്‌ദുസലാം അറിയിച്ചു. യു.എ.ഇയ്‌ക്ക് നേരെ ആക്രമണം നടത്താൻ വേണ്ട നിർദ്ദേശം സൈന്യത്തിന് നൽകിയിട്ടുണ്ട്. ശരിയായ സമയത്ത് വേണ്ട രീതിയിൽ തിരിച്ചടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഹൂതികൾക്ക് പിന്തുണയുമായി തുർക്കി പ്രസിഡന്റ് റസപ് തയ്യിബ് എർദോഗൻ രംഗത്തെത്തിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. റഷ്യ, ഇറാൻ എന്നീരാജ്യങ്ങളുടെ പ്രതിനിധികൾക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് എർദോഗന്റെ പരാമർശങ്ങളെന്നതും ശ്രദ്ധേയമാണ്. എണ്ണശുദ്ധീകരണ ശാലയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിന് തുല്യഉത്തരവാദിത്വം സൗദിക്കും ഉണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം മേഖലയിൽ ബോംബിംഗ് തുടങ്ങിത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും കൂട്ടിച്ചേർത്തു.