ചെന്നെെ: ഹിന്ദി രാജ്യഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം പുറത്ത് വന്നതോടെ തമിഴ്നാട്ടിൽ തമിഴ് വികാരം ആളിക്കത്തുകയാണ്. ഇതിനുപിന്നാലെ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട്ടിലെ ബി.ജെ.പി നേതാവുമായ പൊൻ രാധാകൃഷ്ണൻ. തമിഴർ നന്ദിയില്ലാത്തവരാണെന്ന് പൊൻ രാധാകൃഷ്ണൻ പറഞ്ഞതാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. സംസ്കൃതത്തേക്കാൾ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും സ്നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കിൽ, നമ്മൾ അത് ഒരു വർഷമെങ്കിലും ആഘോഷിച്ചേനെ, തമിഴർക്ക് മനുഷ്യരെ ആഘോഷിക്കുവാൻ അറിയില്ലെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ‘ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണു തമിഴ് എന്നു പറഞ്ഞ ആദ്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. സംസ്‌കൃതത്തേക്കാൾ പഴക്കമുള്ള ഭാഷയാണു തമിഴെന്നു പറയാനും മോദി മടിച്ചില്ല. ഹിന്ദി ഭാഷ രാജ്യഭാഷയാക്കണം എന്ന അമിത്ഷായുടെ ആവശ്യം രാജ്യമാകെ ചർച്ച ചെയ്യവേയാണ് പുതിയ വിവാദത്തിന് പൊൻ രാധാകൃഷ്ണൻ തിരികൊളുത്തിയിരിക്കുന്നത്.
രാധാകൃഷ്ണന്റെ വാക്കുകൾക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൊൻ രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അദ്ദേഹം സ്വന്തം ഭാഷ മാറ്റിയെന്നു മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ പറഞ്ഞു.സെപ്തംബർ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പൊൻ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങൾക്ക് മറുപടി പറയുമെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിനും വ്യക്തമാക്കി.