അമരാവതി: 1500രൂപ മാസ ശമ്പളം വാങ്ങുന്ന സർക്കാർ സ്കൂളിലെ പാചകക്കാരിയാണ് ബബിത ടാഡെ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു യുവതിയായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ബബിത. എന്നാൽ ഇനിമുതൽ ബബിത കോടിശ്വരിയാണ്.
അമിതാബ് ബച്ചൻ അവതാരകനായ 'കോൻ ബനേഗാ കോർപതി'യിലൂടെയാണ് ബബിതയെത്തേടി ഭാഗ്യദേവത എത്തിയത്. പതിനൊന്നാമത്തെ എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണ് ബബിത. മുമ്പ് വന്ന മത്സരാത്ഥികളൊക്കെ കാറോ വീടോ ഒക്കെ സ്വന്തമാക്കണമെന്നാണ് പറഞ്ഞത് അതേസമയം ബബിതയുടെ ആഗ്രഹം കേട്ട് മൂക്കത്ത് വിരൽവച്ചിരിക്കുകയാണ് ബിഗ്ബി അമിതാഭ് ബച്ചൻ.
സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുകയാണ് കൈയിൽ കിട്ടിയതെങ്കിലും ഒരു മൊബൈൽ ഫോൺ വാങ്ങുകയെന്നാണ് തന്റെ ആഗ്രഹമെന്ന് ബബിത പറയുന്നു. ഉടൻതന്നെ ബബിതയ്ക്ക് തന്റെ വക ഒരു ഫോൺ സമ്മാനമായി നൽകുകയും ചെയ്തു.