uae-drone-attack

ദുബായ്: സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതികൾ നടത്തുന്ന ആക്രമണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹവും ആശങ്കയിൽ. യെമനിൽ നിന്ന് പിന്മാറിയെന്ന് യു.എ.ഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അധിനിവേശം തുടരുകയാണെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികളുമായി ബന്ധപ്പെട്ട് പ്രവർ‌ത്തിക്കുന്ന നേതാവ് വ്യക്തമാക്കിയിരുന്നു. യു.എ.ഇയ്‌ക്ക് നേരെ ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൂതി അനുകൂല വാർത്താ ഏജൻസിയായ അൽ മസൈറയാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം, സംഭവത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ, യു.എ.ഇയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളായിരിക്കും ഹൂതികളുടെ അടുത്ത ലക്ഷ്യമെന്ന് ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സൗദി അരാംകോയിലെ ആക്രമണം യു.എ.ഇയ്‌ക്ക് നൽകിയ മുന്നറിയിപ്പാണെന്നും ഹൂതി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏത് തരത്തിലുള്ള ആക്രമണമായിരിക്കും യു.എ.ഇയ്‌ക്കെതിരെ ഉണ്ടാവുകയെന്ന കാര്യത്തിൽ ഇവർ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, പുതിയ ഭീഷണികളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സെയിദ് അൽ നഹ്‌യാനുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.

ആക്രമണ ഭീഷണിയും മദ്ധ്യപൂർവേഷ്യയിൽ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിൽ യു.എ.ഇയിലെ പ്രവാസി സമൂഹം ആശങ്കയിലാണ്. ഏതാണ്ട് 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്. അതുകൊണ്ട് തന്നെ യു.എ.ഇയ്‌ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ മലയാളികളെ നേരിട്ട് ബാധിക്കുമെന്ന് ഉറപ്പാണ്.