cow

മിടുക്കരായ കുട്ടികളെ ജനിപ്പിക്കാനായി ഗർഭണികൾക്ക് സേവിക്കാനെന്ന ഉദ്ദേശത്തോടെ നടപ്പലിക്കാൻ പോകുന്ന പുതിയ പദ്ധതിയാണ് പഞ്ചഗവ്യം പ്ലാൻ. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നെൾസൻ ജോസഫ്. "മിടുക്കരായ കുട്ടികളെ ജനിപ്പിക്കാൻ രാഷ്ട്രീയ കാമധേനു ആയോഗും ആയുഷ് ഡിപ്പാർറ്റ്മെൻ്റും കൂടി ഒരു പദ്ധതി കൊണ്ടുവരുന്നുണ്ട്. സംഗതി കിടിലമാണ്. സിമ്പിൾ ആൻഡ് പവർഫുള്ളാണ്. പഞ്ചഗവ്യം എന്ന് പറയുന്ന ഒരു സംഗതിയുണ്ട്. ഗർഭിണികൾ അതങ്ങട് സേവിക്കുക. സ്ഥിരമായിട്ട് സേവിച്ചാൽ ഉണ്ടാവുന്ന പിള്ളേർ മിടുമിടുക്കരായിരിക്കുമത്രേ.. എന്താണതിന്റെ ഘടകങ്ങളെന്നൂടി കേട്ടോ.. ഗോമൂത്രം (അതേന്ന്....ചൂച്ചു..), ചാണകം, പാൽ , തൈര്, നെയ്യ് ഇത്രയുമാണ്. അതായത് ഇന്ത്യയുടെ വരും തലമുറയുടെ ഭാവി ചാണകത്തിൽ നിന്ന് കണ്ടെത്താനാണ് പ്ലാൻ".-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മിടുക്കരായ കുട്ടികളെ ജനിപ്പിക്കാൻ രാഷ്ട്രീയ കാമധേനു ആയോഗും ആയുഷ് ഡിപ്പാർറ്റ്മെൻ്റും കൂടി ഒരു പദ്ധതി കൊണ്ടുവരുന്നുണ്ട്. സംഗതി കിടിലമാണ്. സിമ്പിൾ ആൻഡ് പവർഫുള്ളാണ്. പഞ്ചഗവ്യം എന്ന് പറയുന്ന ഒരു സംഗതിയുണ്ട്. ഗർഭിണികൾ അതങ്ങട് സേവിക്കുക. സ്ഥിരമായിട്ട് സേവിച്ചാൽ ഉണ്ടാവുന്ന പിള്ളേർ മിടുമിടുക്കരായിരിക്കുമത്രേ.. എന്താണതിൻ്റെ ഘടകങ്ങളെന്നൂടി കേട്ടോ.. ഗോമൂത്രം (അതേന്ന്....ചൂച്ചു..), ചാണകം, പാൽ , തൈര്, നെയ്യ് ഇത്രയുമാണ്. അതായത് ഇന്ത്യയുടെ വരും തലമുറയുടെ ഭാവി ചാണകത്തിൽ നിന്ന് കണ്ടെത്താനാണ് പ്ലാൻ.

ചാണകവും ഗോമൂത്രവും പശുവിൻ്റെ വിസർജ്യങ്ങളാണ്. എന്തൊക്കെ പുരാതന പുസ്തകങ്ങളിൽ എഴുതിയെന്ന് പറഞ്ഞാലും ശാസ്ത്രീയമായി തെളിയിക്കാത്തിടത്തോളം കാലം ഇത്തരം ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തത്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ വഴികളില്ല എന്നല്ല. വഴികളുണ്ട്. ആധുനിക വൈദ്യശാസ്ത്രം കൃത്യമായി പറഞ്ഞുതരാറുമുണ്ട്. ആദ്യമേ പറഞ്ഞേക്കാം. കുഞ്ഞിനെ വെളുപ്പിക്കാനും ആണാക്കാനുമുള്ള വഴിയല്ല ഇത്..

ഗർഭധാരണത്തിനു മുൻപ് ഒരു വൈദ്യപരിശോധന നല്ലതാണ്. പ്രത്യേകിച്ച് അമ്മ സ്ഥിരമായി ഏതെങ്കിലും മരുന്ന് കഴിക്കുന്നതാണെങ്കിൽ അതിന് ഏതെങ്കിലും രീതിയിലുള്ള വ്യത്യാസപ്പെടുത്തലുകൾ വേണമോ എന്നറിയാൻ. ഡയബറ്റിസും തൈറോയ്ഡ് പ്രശ്നങ്ങളും പോലെയുള്ള കാര്യങ്ങൾ നിയന്ത്രണവിധേയമാക്കുന്നതും ഗർഭധാരണത്തിനു മുൻപ് അഭികാമ്യമാണ്. ചില ജന്മവൈകല്യങ്ങൾ ഒഴിവാക്കാൻ ഫോളിക് ആസിഡ് ഗുളികകൾ കഴിക്കേണ്ടതാണ്.

അതുപോലെ ഗർഭധാരണത്തിനുശേഷം കൃത്യമായ മെഡിക്കൽ ചെക് അപ് നടത്തേണ്ടതാണ്.താരതമ്യേന നിസാരമെന്ന് തോന്നുന്ന രോഗങ്ങൾക്ക് പോലും ഡോക്ടറെ കാണുന്നതാണ് അഭികാമ്യം. കാരണം ചിലപ്പൊ റുബെല്ല പോലെയുള്ള അസുഖങ്ങളൊക്കെ ചെറിയൊരു പനിയായി മാത്രമേ കാണൂ..

ഒന്നിലധികം തവണ അൾട്രാസൗണ്ട് സ്കാനിങ്ങ് വേണ്ടിവരാം. ഓരോ സമയത്തെയും സ്കാനിങ്ങിന് ഓരോ ഉദ്ദേശ്യങ്ങളാണുള്ളത്. പരിചയസമ്പന്നരായ ഡോക്ടർമാർ ചെയ്യുന്ന അനൊമലി ഡിറ്റെക്ഷൻ സ്കാനിങ്ങിലൂടെ മാരകമായേക്കാവുന്ന പല വൈകല്യങ്ങളും കണ്ടുപിടിക്കപ്പെടാം

ക്രമമായ ആൻ്റിനേറ്റൽ പരിശോധന വഴി ഗർഭകാലത്തുണ്ടാവുന്ന രക്തസമ്മർദ്ദം, ഡയബറ്റിസ് മുതലായവ കൃത്യസമയത്ത് കണ്ടെത്തുന്നതും ചികിൽസിക്കുന്നതും അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിൻ്റെ സംരക്ഷണത്തിനു സഹായിക്കും.

രണ്ട് ഡോസ് ടെറ്റനസ് ടോക്സോയിഡ് എടുക്കുന്നതും ആശുപത്രിയിലെ സുരക്ഷിതവും വൃത്തിയുള്ളതുമായ സാഹചര്യത്തിൽ വച്ച് നടത്തുന്ന പ്രസവവും ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനുള്ള ആദ്യ പടിയാണ്. ജനനശേഷം ആശുപത്രിയിലേക്കുള്ള സന്ദർശകപ്രവാഹം ഒഴിവാക്കുന്നതും വരുന്നോരെല്ലാം കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കാതിരിക്കുന്നതും അമ്മയും കുഞ്ഞും തമ്മിലെ ബന്ധം ദൃഢമാവാനുള്ള സമയം കിട്ടുവാനും അണുബാധയുണ്ടാവാതിരിക്കാനും സഹായിക്കും. ജന്മനാ ഉള്ള പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ജനനസമയത്ത് കാണണമെന്നില്ല. എന്നാൽ ജനനസമയത് തന്നെ കണ്ടെത്തിയാൽ ഫലപ്രദമായി ചികിത്സിക്കാൻ പറ്റിയേക്കും.

അങ്ങനെയുള്ള ചില രോഗങ്ങൾക്കുള്ള സ്ക്രീനിംഗ് പരിശോധനകൾ നിലവിലുണ്ട്. അവയിൽ പ്രധാനം, കേൾവി പരിശോധന, തൈറോയിഡ് ഹോർമോണിന്റെ കുറവ് തുടങ്ങിയ പല അസുഖങ്ങളും കണ്ടുപിടിക്കാനുള്ള IEM സ്ക്രീനിംഗ് എന്നിവയാണ്.

ആദ്യ ആറ് മാസം മുലപ്പാൽ നൽകുന്നതാണുചിതം.ബുദ്ധിവളർച്ചക്കു ഏറ്റവും അനുയോജ്യം മുലപ്പാലാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനു പാൽ നൽകാൻ അമ്മയ്ക്ക് മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യമാണ്. കുഞ്ഞിന്റെ അമ്മയുടെ അടുത്ത് ചെന്ന് " അവൾക്ക് പാലില്ല " എന്ന് പറയാതിരിക്കുക. അതിപ്പൊ വരുന്നവർക്ക് കൊടുക്കാൻ ചായ ഉണ്ടാക്കാൻ പാലില്ലെന്നായാലും കുറച്ച് മാറിനിന്ന് പറഞ്ഞാൽ മതി.

ജനിച്ച അന്നുമുതൽ തന്നെ കുഞ്ഞിന്റെ ബുദ്ധിവികാസത്തിനു സഹായകമാകുന്ന വിധത്തിൽ കുഞ്ഞിനോടു ഇടപഴകണം. കുഞ്ഞു ചുറ്റുമുള്ളത് കാണുന്നു, കേൾക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് ഉറപ്പുവരുത്തുക. കൂടുതൽ കാണാനും കേൾക്കാനും തൊട്ടറിയാനും അവസരമുണ്ടാക്കുക. കുഞ്ഞിന്റെ മുഖത്ത് നോക്കി സംസാരിക്കുക, കളിപ്പിക്കുക, ചിരിപ്പിക്കുക, തൊട്ടു കളിപ്പിക്കുക. സുരക്ഷിതത്വബോധം ഉണ്ടാക്കുക. ആത്മവിശ്വാസം ഉണ്ടാക്കുക.

നല്ല തലമുറയെ സൃഷ്ടിക്കാൻ അല്പം പ്രയാസമാണ്. അതിനു നന്നായി മിനക്കെടണം....അല്ലാതെ ചാണകം അദ്ഭുതം സൃഷ്ടിക്കുമെന്ന് കരുതുന്നതല്ല സയൻസ്.