-high-court

കൊച്ചി: പി.എസ്.സി ചോദ്യപേപ്പർ ചോർച്ചയിൽ സർക്കാരിനോട് ഹെെക്കോടതി വിശദീകരണം തേടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. കേസ് ഗൗരവതരമെന്ന് ഹെെക്കോടതി വ്യക്തമാക്കി. കേസ് ഏറ്റെടുക്കുന്നതിൽ കോടതി സി.ബി.ഐയുടെ നിലപാട് തേടിയിട്ടുണ്ട്. എന്നാൽ, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, പി.എസ്.സി പരീക്ഷ തട്ടിപ്പിൽ സ്വതന്ത്ര ഏജൻസി നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അനർഹർ സർക്കാർ സർവീസിൽ കയറുന്നത് തടയണമെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികൾക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയെഴുതാൻ ഹർജിക്കാരൻ സഹായിച്ചെന്നാണ് കേസ്.

പി.എസ്.സി പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തേണ്ടതാണ്. പരീക്ഷ കഴിയാതെ ചോദ്യങ്ങൾ പുറത്ത് പോകാൻ പാടില്ല. എന്നാൽ, യൂണിവേഴ്സിറ്റി കോളജിലെ പ്രതികൾ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ചോദ്യങ്ങൾ പരീക്ഷ അവസാനിക്കുന്നതിന് മുൻപേ പുറത്ത് വിട്ടു. പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയിൽ ഇരുവർക്കും 93 മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.