നെടുമങ്ങാട്: ലോൺ കുടിശ്ശികയുടെ പേരിൽ മൂന്നു സെന്റ് പുരയിടത്തിൽ താമസിച്ചിരുന്ന പട്ടികജാതി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്‌തി ചെയ്‌ത നടപടി തൽക്കാലത്തേക്ക് ഒഴിവാക്കുമെന്ന് എസ്.ബി.ഐ അധികൃതർ. എന്നാൽ കുടിശിക ഇനത്തിൽ രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കിൽ നടപടികളുമായി മുന്നോട്ട് പോകും. വസ്തുവിന്റെ ആധാരം കുടുംബത്തിന് തിരികെ നൽകുമെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. പനവൂർ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്തു വീട്ടിൽ ബാലു-ബീന ദമ്പതികളെയും മക്കളെയുമാണ് ബാങ്ക് അധികൃതർ കഴിഞ്ഞദിവസം ഉച്ചയോടെ നിർദാക്ഷിണ്യം ഇറക്കിവിട്ടത്. സംഭവം വിവാദമായതോടെ ഇന്നലെ തന്നെ സ്ഥലത്തെത്തിയ വാമനപുരം എം.എൽ.എ ഡി.കെ.മുരളി കുടുംബത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകി. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സി.പി.എം ഇടപെട്ട് വീട് തുറന്നുകൊടുക്കുമെന്നും എം.എൽ.എ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചു. ബാങ്ക് അധികൃതരുമായി സർക്കാർ തലത്തിൽ ചർച്ചകളും നടന്നു. തുടർന്നാണ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായത്.
2014 ൽ വീടു നിർമ്മാണത്തിനായി എസ്.ബി.ഐ ശാഖയിൽ നിന്ന് ബീനയും ബാലുവും ചേർന്ന് രണ്ടര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. കൂലിപ്പണിക്കാരനായ ബാലു രണ്ടു വർഷത്തോളം പലിശയും മുതലുമായി തവണകൾ കൃത്യമായി അടച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായതിനെ തുടർന്ന് അടവ് മുടങ്ങി. ബീന കൂലിപ്പണിക്ക് ഇറങ്ങി വീണ്ടും കുറേ തുക അടച്ചെങ്കിലും 2.86 ലക്ഷം രൂപ കുടിശികയുണ്ടെന്ന് കാണിച്ചാണ് ബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചത്. മകളുടെയും തന്റെയും വകയായി ഉണ്ടായിരുന്ന ഉരുപ്പടി വിറ്റ് കിട്ടിയ തുകയും ബീന ബാങ്കിലടച്ചു. ബാക്കി കുടിശ്ശിക തീർക്കാനായി സഹായമഭ്യർത്ഥിച്ച് ഇവർ പലരെയും സമീച്ചു. ചിലർ സഹായിക്കാൻ സന്നദ്ധരായ വിവരം ബാങ്കിനെ അറിയിച്ചെങ്കിലും അതു മുഖവിലയ്ക്കെടുക്കാതെ ബാങ്ക് അധികൃതർ നടപടിയിലേക്ക് കടക്കുകയായിരുന്നു. പാചകം ചെയ്‌ത ഭക്ഷണമോ മാറി ഉടുക്കാൻ തുണിയോ എടുക്കാൻ സമ്മതിക്കാതെയായിരുന്നു ബാങ്ക് ജീവനക്കാരുടെ നടപടി. പ്രതിഷേധവുമായി എത്തിയ നാട്ടുകാരെ നിയമനടപടികൾ പറഞ്ഞ് വിരട്ടിയ ശേഷമായിരുന്നു നടപടികൾ.
സഹായ ഹസ്തം
അതേസമയം, ബാലുവിനും കുടുംബത്തിനും മകൾ വേണിക്കും സഹായ ഹസ്‌തവുമായി നിരവധി പേർ രംഗത്തെത്തി. കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടാമെന്ന് ചാത്തന്നൂർ സ്വദേശിയായ ഒരാളും കോഴിക്കോട് സ്വദേശിയായ മറ്റൊരാളും വാഗ്‌ദ്ധാനം ചെയ്‌തിട്ടുണ്ട്. ഇന്ന് തന്നെ പൈസ തിരിച്ചടച്ച് വീട് കുടുംബത്തിന് കൈമാറാനുള്ള നടപടികളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്നത്.