മുൻഗാമികളെപോലെ, ബോറിസ് ജോൺസനും ബ്രെക്സിറ്റിൽ തെന്നി വീഴുമോ? ബ്രെക്സിറ്റിന്റെ പേരിൽ സ്ഥാനം പോയ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണായിരുന്നു. 1993 ലാണ് ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നത്. അന്നുതന്നെ ആ തീരുമാനത്തെ എതിർത്തവരുമുണ്ടായിരുന്നു. വിഷയം സജീവമായപ്പോഴാണ് 2015-ൽ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ, യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്നതിൽ ജനങ്ങളുടെ അഭിപ്രായമറിയാൻ ഹിതപരിശോധന നടത്തുമെന്ന് കാമറോണിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി വാഗ്ദാനം നൽകിയത്. 2016 ജൂണിൽ ബ്രിട്ടനിൽ ഹിതപരിശോധന നടത്താൻ കാമറോൺ സർക്കാർ തീരുമാനിച്ചു. വ്യക്തിപരമായി, യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായക്കാരനായിരുന്ന കാമറോൺ അഭിപ്രായത്തെ ജനം പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിൽ, പ്രചാരണത്തിനിറങ്ങിയില്ല. എന്നാൽ ബോറിസ് ജോൺസനെപോലെയുള്ള കൺസർവേറ്റീവ് പാർട്ടി നേതാക്കൾ, യൂറോപ്യൻ യൂണിയൻ വിടണമെന്ന (ബ്രെക്സിറ്റ്) വാദത്തിലൂന്നി പ്രചാരണം നടത്തി. ഫലം വന്നപ്പോൾ 51.8 ശതമാനം പേർ ബ്രെക്സിറ്റിന് അനുകൂലമായും 48.2 ശതമാനം എതിരെയും വോട്ടു ചെയ്തു. ഫലപ്രഖ്യാപനത്തെ തുടർന്ന് കാമറോൺ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു.
തുടർന്ന് പ്രധാനമന്ത്രിയായത് ആഭ്യന്തര വകുപ്പു സെക്രട്ടറിയായിരുന്ന തെരേസാ മേ ആയിരുന്നു. അവരും ബ്രെക്സിറ്റ് വിരുദ്ധയായിരുന്നെങ്കിലും ഹിതപരിശോധനാ ഫലം നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു. അവർ തയാറാക്കിയ കരാർ, യൂറോപ്യൻ യൂണിയനുമായി ചർച്ചചെയ്ത് ധാരണയിലെത്തിയ ശേഷമാണ് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്. യൂറോപ്യൻ യൂണിയന്റെ നികുതി വ്യവസ്ഥകളും നിയന്ത്രണങ്ങളും നിലനിറുത്തിക്കൊണ്ടുള്ളതായിരുന്നു മേയുടെ കരട് കരാർ. അതിനെ ബ്രെക്സിറ്റ് അനുകൂലികളും വിരുദ്ധരും, വ്യത്യസ്ത കാരണങ്ങളുടെ പേരിൽ, എതിർക്കുകയും, പാർലമെന്റിൽ മൂന്നു തവണ വോട്ടിനിട്ട് തള്ളുകയും ചെയ്തു. സ്വന്തം പാർട്ടിയുടെ പാർലമെന്റംഗങ്ങളുടെ അംഗീകാരം പോലും നേടാനാവാതെ അവർ 2019 ജൂണിൽ സ്ഥാനമൊഴിഞ്ഞു.
മൂന്നാമൂഴത്തിൽ
ജോൺസൺ
മൂന്നാമൂഴത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് മുൻ വിദേശകാര്യ സെക്രട്ടറിയായ ബോറിസ് ജോൺസണാണ്. ബ്രെക്സിറ്റ് ശക്തമായി നടപ്പിലാക്കണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. താൻ നയിക്കുന്ന വഴിയിലൂടെ ബ്രിട്ടീഷ് പാർലമെന്റും യൂറോപ്യൻ യൂണിയനും വരുന്നില്ലെങ്കിൽ, കരാറില്ലാതെയാണെങ്കിലും, നടപ്പിലാക്കാനുള്ള അവസാന തീയതിയായ ഒക്ടോബർ 31 ന് യൂറോപ്യൻ യൂണിയന്റെ വലയം ചാടി പുറത്തു വരുമെന്നും, ബ്രെക്സിറ്റ് തീയതി ദീർഘിപ്പിച്ച് പ്രധാനമന്ത്രിസ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യൂറോപ്യൻ യൂണിയനുമായി ചർച്ച നടത്തുന്നതിനൊപ്പം, കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ തയാറെടുപ്പുമായാണ് ജോൺസൺ മുന്നോട്ടു പോയത്. കരാറില്ലാതെ ബ്രെക്സിറ്റ് വിടുന്നത് ബ്രിട്ടന് സമാനതകളില്ലാത്ത ദുരിതവും, ഭക്ഷ്യക്ഷാമവും ഉണ്ടാക്കുമെന്ന് പല സാമ്പത്തിക വിദഗ്ദ്ധരും മുന്നറിയിപ്പു നൽകി. ജോൺസന്റെ നിലപാടിനെതിരെ കൺസർവേറ്റീവ് പാർട്ടിയിലെ ചില എം.പി മാരും മന്ത്രിസഭാംഗങ്ങളിൽ ചിലരും നീക്കം നടത്തി. സെപ്തംബർ ഒൻപത് മുതൽ ഒക്ടോബർ 14 വരെ പാർലമെന്റ് സമ്മേളനം നിറുത്തി വയ്പിച്ചു കൊണ്ടാണ് ഈ നീക്കത്തെ അദ്ദേഹം നേരിട്ടത്. എതിർത്ത, സ്വന്തം പാർട്ടിയിലെ 21 എം.പി മാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാനുള്ള പാർലമെന്റിന്റെ ജനാധിപത്യാവകാശം മരവിപ്പിച്ചതിനെതിരെ എതിർപ്പുയർന്നു. ജോൺസന്റെ ഈ നീക്കം ബ്രിട്ടന്റെ ജനാധിപത്യ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്നതാണെന്ന് പ്രതിപക്ഷനേതാക്കളും രാഷ്ട്രീയ നിരീക്ഷകരും കുറ്റപ്പെടുത്തി. ബ്രിട്ടന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി ഒരു പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. ലിഖിതമായ ഭരണഘടനയില്ലാതെ തന്നെ ജനാധിപത്യ രാജ്യങ്ങൾക്ക് ദീപശിഖയാവുന്ന ബ്രിട്ടീഷ് ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായാണ് ഈ കടന്നുകയറ്റത്തെ ജനാധിപത്യ വിശ്വാസികൾ കാണുന്നത്.
ബ്രിട്ടീഷ് ജനതയുടെ വീരപുരുഷനായ വിൻസ്റ്റൻ ചർച്ചിലിന്റെ കൊച്ചുമകനായ നിക്കൊളാസ് സോയെംസ്, ജോൺസന്റെ സഹോദരനായ ജോ ജോൺസൻ, മന്ത്രി അംബർ റഡ്ഡ്, പാർലമെന്റ് സ്പീക്കർ ജോൺ ബെർകോ തുടങ്ങിയ പ്രമുഖ കൺസർവേറ്റീവ് പാർട്ടി നേതാക്കൾ, ജോൺസന്റെ നടപടിയിൽ പ്രതിഷേധിച്ച് സ്ഥാനങ്ങൾ രാജിവച്ചു. ഇതിനിടെ, പാർലമെന്റ് സമ്മേളനം മരവിപ്പിച്ച ജോൺസന്റെ നീക്കം നിയമവിരുദ്ധമാണെന്ന് സ്കോട്്ലന്റ് ഹൈക്കോടതി വിധിച്ചെങ്കിലും, വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ നിർദ്ദേശം നൽകി.
കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനും, ഒക്ടോബർ 31 ന് മുമ്പ് തിരഞ്ഞെടുപ്പു നടത്തി കൺസർവേറ്റീവ് പാർട്ടിയിലെ വിമതർക്കും പ്രതിപക്ഷ പാർട്ടികൾക്കും തിരിച്ചടി നൽകാനുമുള്ള ജോൺസന്റെ ഉദ്ദേശ്യത്തെ പാർട്ടിഭേദമെന്യേ എം.പി മാർ പാർലമെന്റിൽ പരാജയപ്പെടുത്തി. കരാറില്ലാതെ ബ്രെക്സിറ്റ് വിടുന്നതും മൂന്നുമാസം കൂടി ബ്രെക്സിറ്റ് നടപടി നീട്ടുന്നതും സംബന്ധിച്ച് എതിർപ്പുള്ള എം.പി. മാർ സംയുക്തമായി പാർലമെന്റിൽ അവതരിപ്പിച്ച ബിൽ 329 എം.പി മാരുടെ പിന്തുണയോടെ പാസാകുകയും, എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമാകുകയും ചെയ്തു. ജോൺസന്റെ നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിത്.
ഐറിഷ് ബാക്ക്സ്റ്റോപ്
ഐറിഷ് പ്രശ്നം പരിഹരിച്ചുകൊണ്ട് 1998-ൽ ബ്രിട്ടനും, സ്വതന്ത്രരാജ്യമായ ഐറിഷ് റിപ്പബ്ലിക്കും തമ്മിലുണ്ടാക്കിയ ഗുഡ്ഫ്രൈഡേ വ്യവസ്ഥപ്രകാരം, ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും ഐറിഷ് റിപ്പബ്ലിക്കും തമ്മിലുള്ള അതിർത്തി, തുറന്ന അതിർത്തിയായി തുടരണം. യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രിട്ടന് സ്വന്തമായ കസ്റ്റംസ് ചട്ടങ്ങൾ നടപ്പിലാക്കണമെങ്കിൽ, അതിർത്തി അടച്ചെങ്കിലേ പറ്റുകയുള്ളൂ. വടക്കൻ അയർലൻഡിലുള്ളവരും ഐറിഷ് റിപ്പബ്ലിക്കും നിലവിലെ വ്യവസ്ഥ തുടർന്നും പാലിക്കണമെന്നും ശക്തമായി വാദിക്കുന്നു. എന്നാൽ 'ഹാർഡ് ബ്രെക്സിറ്റ്' വാദക്കാർ കസ്റ്റംസ് ചട്ടങ്ങൾ ശക്തമായി നടപ്പിലാക്കണമെന്നും, തുറന്ന അതിർത്തിയെന്നുള്ളത് മാറ്റണമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു.
ഒക്ടോബർ 31ന് മുമ്പ് തിരഞ്ഞെടുപ്പു നടത്താമെന്നും, കരാറില്ലാതെ ബ്രെക്സിറ്റ് വിടാമെന്നുമുള്ള ജോൺസന്റെ പ്രതീക്ഷകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ജോൺസനു മുമ്പിൽ അവശേഷിച്ചിട്ടുള്ളത് രണ്ട് പരിഹാര മാർഗങ്ങളാണ്. പാർലമെന്റ് പാസാക്കിയതുപോലെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ഒക്ടോബർ 31 മുതൽ മൂന്നുമാസത്തേയ്ക്കു കൂടി സമയം ദീർഘിപ്പിച്ച് നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയെന്നതാണ് ആദ്യത്തെ മാർഗം. അതിനു താത്പര്യമില്ലെന്നും, ഒക്ടോബർ 31ന് ശേഷം താൻ പ്രധാനമന്ത്രി സ്ഥാനത്തു തുടരില്ലെന്നും ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്. തടസങ്ങളില്ലാത്ത അതിർത്തി, ഐറിഷ് റിപ്പബ്ലിക്കിനും വടക്കൻ അയർലൻഡിനും മാത്രമായി നിലനിറുത്താൻ സാധിക്കുമോയെന്നതാണ് രണ്ടാമത്തെ മാർഗം. സാധാരണഗതിയിൽ ഈ സംവിധാനം ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ രണ്ട് അയർലൻഡുകൾക്കുമിടയിൽ കസ്റ്റംസ് പരിശോധനയില്ലാതെ കാർഷിക ഉത്പന്നങ്ങളും, ഭക്ഷ്യപദാർത്ഥങ്ങളും മാത്രം തടസമില്ലാതെ ക്രയവിക്രയം ചെയ്യാനാവുമോ എന്ന പ്രശ്നം ഗൗരവമുള്ളതാണ്. മറ്റെല്ലാ സാദ്ധ്യതകളും അടഞ്ഞ സാഹചര്യത്തിൽ ഈ സാദ്ധ്യതയിലേക്ക് ബ്രിട്ടനിലെ രാഷ്ട്രീയ പാർട്ടികളെയും യൂറോപ്യൻ യൂണിയനെയും കൊണ്ടുവരാൻ കഴിഞ്ഞാൽ, ഒക്ടോബർ 31 ന് മുമ്പുതന്നെ ഈ നിബന്ധന കരാറിൽ ഉൾപ്പെടുത്തി ബ്രെക്സിറ്റ് നടപ്പിലാക്കാൻ ജോൺസണ് സാധിക്കും. അതും പരാജയപ്പെട്ടാൽ രാജിമാത്രമാണ് മുന്നിലുണ്ടാവുക. ഇതിലേത് അദ്ദേഹം തിരഞ്ഞെടുക്കുമന്നേ അറിയേണ്ടതുള്ളൂ.
ലേഖകന്റെ ഫോൺ : 9847173177