-aiadmk

പീരുമേട്: സംസ്ഥാനത്ത് ആദ്യമായി അണ്ണാ ഡി.എം.കെയ്‌ക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി. ഇടുക്കി പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി അണ്ണാ ഡി.എം.കെ അംഗം എസ്.പ്രവീണയെയാണ് തിരഞ്ഞെടുത്തത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്തിൽ എ.ഐ.എഡി.എം.കെയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പട്ടികജാതി വനിതയ്ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്ത പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും കോൺഗ്രസിന് ഈ വിഭാഗത്തിൽ അംഗങ്ങൾ ഇല്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫിനൊപ്പം നിലകൊള്ളുന്ന അണ്ണാ ഡി.എം.കെ അംഗം പ്രവീണയെ പ്രസിഡന്റാക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

വുഡ്‌ലാൻഡ്സ് എസ്റ്റേറ്റ് വാർഡിൽ നിന്നാണ് പ്രവീണ വിജയിച്ചത്. ഒന്നര വർഷത്തിനു ശേഷമാണ് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 15 അംഗ ഭരണസമിതിയിൽ പ്രവീണയ്ക്ക് 8 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർഥി രജനി വിനോദിന് 7 വോട്ടുകളും ലഭിച്ചു. 17 അംഗഭരണസമിതിയിൽ എൽ.ഡി.എഫ് 7, കോൺഗ്രസ് 9, എ.ഐ.എ.ഡി.എം.കെ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രാദേശിക ധാരണ പ്രകാരം എ.ഐ.എ.ഡി.എം.കെ- യു.ഡി.എഫിനൊപ്പമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എസ്.സുലേഖ(കോൺഗ്രസ്), വൈസ് പ്രസിഡന്റ് രാജു വടുതല എന്നിവർ 2017 സെപ്റ്റംബറിൽ പാർട്ടിയിൽ നിന്നും രാജിവച്ചിരുന്നു. ഇരുവരും എൽ.ഡി.എഫിന്റെ സഹായത്തോടെ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ തിരിച്ചെത്തുകയും ചെയ്തു. ഇതോടെ കോൺഗ്രസ് കൂറുമാറ്റം ആരോപിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സുലേഖ പ്രസിഡന്റ് പദവി രാജിവച്ചു. ഇതിനു ശേഷം സുലേഖ, രാജു എന്നിവരുടെ വോട്ടുകൾ നേടി സി.പി.എമ്മിലെ രജനി വിനോദിനു പ്രസിഡന്റാകാൻ അവസരമൊരുക്കി.

എന്നാൽ, ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയിലൂടെ സുലേഖ, രാജു എന്നിവർ അയോഗ്യരായി. ഭരണസമിതിയിൽ ഭൂരിപക്ഷം ലഭിച്ച കോൺഗ്രസ് ആദ്യം വൈസ് പ്രസിഡന്റിനെയും പിന്നെ പ്രസിഡന്റ് രജനിയെയും അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. പിന്നീടാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.