തിരുവനന്തപുരം: നാളെയാണ് കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന 12 കോടി ഓണം ബംപറിന്റെ നറുക്കെടുപ്പ്. എന്നാൽ നറുക്കെടുപ്പിന് മുമ്പേ ലോട്ടറിയടിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാരിന്. 46 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 43 ലക്ഷവും വിറ്റു കഴിഞ്ഞു. ഇത്തരത്തിൽ 29 കോടിരൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തിയത്.
ബാക്കിയുള്ള മൂന്ന് ലക്ഷം ടിക്കറ്റുകൾ ഇന്നും നാളെയുമായി വിറ്റു തീരുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് കമ്മിഷൻ ഇനത്തിൽ 1.20 കോടിരൂപ ലഭിക്കും. സമ്മാനത്തുകയുടെ പത്ത് ശതമാനമാണ് എജൻസി കമ്മിഷൻ.
ഏജൻസി കമ്മിഷൻ തുക കഴിഞ്ഞതിന് ശേഷമുള്ള തുകയിൽ നിന്ന് 30 ശതമാനം ആദായ നികുതിയായി ഈടാക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 7.56 കോടി ലഭിക്കും. 300 രൂപയായിരുന്നു ടിക്കറ്റ് വില. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. മൂന്നര മണിയോടെ സമ്മാനം ലഭിച്ച നമ്പറുകൾ പ്രഖ്യാപിച്ച് തുടങ്ങും.
ഓണം ബംപർ ടിക്കറ്റ് വിൽപന വഴി 138 കോടി രൂപ സർക്കാരിന് ലഭിച്ചു. ഇതിൽ 42 ശതമാനം സമ്മാനത്തുക നൽകാനും 32 ശതമാനം ഏജൻസി കമ്മിഷനും 5 ശതമാനം അച്ചടിക്കും ചെലവായി. 21 ശതമാനം മാത്രമാണ് സർക്കാരിന് ലാഭം.