പരീക്ഷണ ശാലകളിൽ നിന്നും പുറത്തുചാടുന്ന രോഗാണുക്കൾ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്നത് നിരവധി സയൻസ് ഫിക്ഷൻ സിനിമകളിലും നോവലുകളിലും പ്രമേയമായിട്ടുണ്ട്. ഇത്രയും നാൾ വെറും കെട്ടുകഥയാണെന്ന് കരുതിയിരുന്ന ഇതുപോലൊരു സംഭവമാണ് ഇപ്പോൾ ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. റഷ്യയിലെ ജൈവായുധ പരീക്ഷണ ശാലയിൽ ഉണ്ടായ ചെറിയൊരു തീപിടിത്തം, നിസാരമായ ഒരു അപകടമാണെന്നായിരുന്നു ശാസ്ത്രലോകം ആദ്യം കരുതിയിരുന്നത്. എന്നാൽ ഒരു കാലത്ത് ഭൂമിയെ ദുരന്തത്തിന്റെ വിളനിലമാക്കിയ വസൂരി, എബോള തുടങ്ങിയ മാരക വൈറസുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഈ അപകടമുണ്ടായതെന്ന തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. എന്നാൽ അപകടത്തിന്റെ ഫലമായി വൈറസുകൾ പുറത്തുചാടിയിട്ടില്ലെന്നാണ് ലാബ് നടത്തിപ്പുകാരുടെ വിശദീകരണം. നിലവിൽ ഭൂമിയിലെ രണ്ട് സ്ഥലങ്ങളിലാണ് വസൂരിയുടെ രോഗാണുവിനെ സൂക്ഷിച്ചിരിക്കുന്നത്, ഒന്ന് തീപിടുത്തമുണ്ടായ വെക്‌ടർ സെന്ററിലും മറ്റൊന്ന് അറ്റ്‌ലാന്റയിലെ യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്ററിലും.
ഭൂമിയിലെ തന്നെ ഏറ്റവും മാരകമായ വൈറസുകൾ സൂക്ഷിച്ചിരുന്ന സൈബീരിയയിലെ കോൾട്ട്‌സവയിലെ ദ സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോ ടെക്‌നോളജിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ശാസ്ത്ര നഗരം എന്ന അപരപ്പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്. സെന്ററിലെ അഞ്ചാം നിലയിലുള്ള വെക്‌ടർ എന്ന പേരിൽ അറിയപ്പെടുന്ന ലാബിലാണ് അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയുണ്ടായത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ശത്രുരാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാൻ വേണ്ടി ജൈവ ആയുധങ്ങൾ നിർമിച്ചിരുന്ന സ്ഥലമാണ് ഇത്. പിന്നീട് ഇതിനെ പരീക്ഷണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ ഫയർ വെന്റിലേഷൻ സിസ്‌റ്റത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.ഏതാണ്ട് മുപ്പത് മീറ്ററോളം വിസ്തൃതിയിൽ പടർന്നുപിടിച്ച തീ ഉടൻ തന്നെ അണച്ചെങ്കിലും ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു.
അതേസമയം, തീപിടുത്തമുണ്ടായ മുറിക്കുള്ളിൽ മാരകമായ രോഗാണുക്കൾ, ജൈവ ആയുധങ്ങൾ തുടങ്ങിയവ ഉണ്ടായിരുന്നില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ ഭാഗമായി ലാബിന് ഘടനാപരമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ലാബിൽ ഒരു വിധത്തിലുള്ള രോഗാണുക്കളെയും സൂക്ഷിച്ചിരുന്നില്ലെന്ന് പ്രദേശത്തെ മേയറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റഷ്യ രഹസ്യസ്വഭാവത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടനങ്ങളുടെ പട്ടികയിൽ സംഭവത്തെയും ഉൾപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉയർന്നത്. ചെറിയൊരു തീപിടുത്തമാണെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നാലെ 13ലധികം ഫയർ എഞ്ചിനുകൾ സ്ഥലത്ത് പാഞ്ഞെത്തിയതും സംശയത്തിന് ഇടയാക്കി. എന്നാൽ വെക്‌ടർ ലാബിൽ ഇതാദ്യമായല്ല സമാനരീതിയിലുള്ള അപകടം നടക്കുന്നത്. 2004ൽ എബോള വൈറസ് അടങ്ങിയ സിറിഞ്ച് കൈകൊണ്ട് തൊട്ടതിനെ തുടർന്ന് ഒരു ഗവേഷക മരിച്ചിരുന്നു. വെക്‌ടർ ലാബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു മരണമെന്നാണ് അന്ന് റഷ്യൻ മാദ്ധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചത്. 1970കളിൽ സോവിയറ്റ് യൂണിയൻ നടത്തിയ പരീക്ഷണങ്ങൾ പരാജയപ്പെട്ടതിന്റെ ഫലമാണ് ആന്ത്രാക്‌സ്, വസൂരി തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിച്ചതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നാൽ ലോകവ്യാപകമായി നടത്തിയ പ്രതിരോധ കുത്തിവയ്‌പ്പിന് ശേഷം 1980ൽ ലോകാരോഗ്യ സംഘടന വസൂരിയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചു. എന്നാൽ ഇതിന് ശേഷവും പഠനകാര്യങ്ങൾക്കായി വൈറസിന്റെ സാമ്പിൾ സൂക്ഷിച്ച് വയ്‌ക്കുകയായിരുന്നു.
വൈറസുകൾക്ക് സ്‌ഫോടനത്തെ അതിജീവിക്കാൻ കഴിയുമോ?
വൻ സ്‌ഫോടനങ്ങൾ വൈറസുകളുടെ നാശത്തിന് കാരണമാകുമെങ്കിലും ചെറിയ അളവിലുള്ള സ്‌ഫോടനങ്ങൾ വൈറസുകൾ പടരുന്നതിന് ഇടയാക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. എബോള, വസൂരി പോലുള്ള രോഗങ്ങളുടെ വൈറസുകൾ അതീവ സുരക്ഷയുള്ള ലെവൽ ഫോർ ലബോറട്ടറികളിലാണ് സൂക്ഷിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനം നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും. മറ്റ് ലബോറട്ടറികളിൽ നിന്നും വ്യത്യസ്‌തമായി രീതിയിലായിരിക്കും ഇവിടെ വൈറസുകൾ കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ 100 ഡിഗ്രിക്ക് മുകളിലുള്ള ചൂടേൽക്കുകയാണെങ്കിൽ വൈറസുകൾ നശിക്കാൻ ഇടയാക്കുമെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കി.