കുവൈറ്റ്: സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് ഉത്പാദന കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷം മൂർച്ഛിക്കുന്നു. ആക്രമണത്തിന് പിന്നിൽ ഇറാന്റെ കരങ്ങളാണെന്ന് ഉറപ്പിച്ച അമേരിക്ക തിരിച്ചടി നൽകാൻ തങ്ങൾ പൂർണസജ്ജരാണെന്ന് ആവർത്തിക്കുകയും ചെയ്തു. രാജ്യസുരക്ഷയ്‌ക്ക് നേരെയുള്ള എന്ത് ഭീഷണിയെയും നേരിടാൻ തങ്ങൾക്ക് കഴിയുമെന്നും തിരിച്ചടിക്കുമെന്നും സൗദി അധികൃതരും വ്യക്തമാക്കിയതോടെ മേഖലയിൽ സൈനിക നീക്കം നടന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുയാണ്.
ഇതിനിടെ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആക്രമണം നടത്തിയ ഡ്രോണുകൾ പറന്നത് കുവൈറ്രിന്റെ വ്യോമ അതിർത്തിയിലൂടെയാണെന്ന് റിപ്പോർട്ട്. ഇതിന്റ ഭാഗമായി രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്ന് പാർലമെന്റംഗങ്ങൾ കുവൈത്ത് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതോടെ കുവൈത്ത് ജാഗ്രതയിലാണ്.
A Kuwaiti bird hunter recorded the moment three loitering drones passed above the south of #Kuwait and flew toward #Aramco's Oil facility in #Buqayq/#Abqaiq deep inside #SaudiArabia's territory earlier this morning. The attack was launched from #Iraq by #IRGC proxies not #Yemen. https://t.co/vfwt00h9IE pic.twitter.com/CQsvVeOqGW
— Babak Taghvaee (@BabakTaghvaee) September 14, 2019
ശനിയാഴ്ച സൗദിയിൽ ആക്രമണമുണ്ടായ സമയത്താണ് കുവൈറ്രിന്റ വ്യോമപാതയിലൂടെ ഡ്രോണുകൾ കടന്നുപോയത്. ഇതിന്റ പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുവൈറ്ര് രാജകുടുംബം താമസിക്കുന്ന കൊട്ടാരത്തിന് മുകളിലൂടെയും ഡ്രോൺ പറന്നെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കുവൈറ്ര് ഭരണകൂടം അറിയിച്ചു.
കുവൈറ്രിലെ കൊട്ടാരത്തിന്റെ 250 മീറ്റർ മുകളിലൂടെയാണ് ഡ്രോണുകൾ പറന്നത്. അൽ ബിദ്ദ തീരമേഖലയിൽ നിന്ന് വന്ന ഡ്രോൺ കുവൈറ്ര് സിറ്റിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വടക്കൻ മേഖലയിൽ നിന്നാണ് ഡ്രോൺ വന്നതെന്നും പിന്നീട് സൗദി ഭാഗത്തേക്ക് പോയെന്നും ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. വിമാനമല്ലെന്നും മിസൈൽ പോലെയാണ് തനിക്ക് തോന്നിയതെന്നും ഇയാൾ കൂട്ടിച്ചേർത്തു.
അതേസമയം, സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതികൾ നടത്തുന്ന ആക്രമണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹവും ആശങ്കയിൽ. യെമനിൽ നിന്ന് പിന്മാറിയെന്ന് യു.എ.ഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും അധിനിവേശം തുടരുകയാണെന്നും ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാവ് വ്യക്തമാക്കിയിരുന്നു. യു.എ.ഇയ്‌ക്ക് നേരെ ശക്തമായ തിരിച്ചടി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഹൂതി അനുകൂല വാർത്താ ഏജൻസിയായ അൽ മസൈറയാണ് റിപ്പോർട്ട് ചെയ്‌തത്. അതേസമയം, സംഭവത്തിൽ യു.എ.ഇ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.