പ്രസവശേഷവും തടികൂടുതൽ കാരണവും പലപ്പോഴും സ്ത്രീകളുടെ ശരീരത്തിലെ ചർമം വലിഞ്ഞ് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാറുണ്ട്. ഇതിൽ പ്രസവത്തോടെ അടിവയറിന്റെ ഭാഗത്തും മറ്റുമായി രൂപപ്പെടുന്ന അടയാളങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ഒരു സ്ത്രീയുടെ മാതൃത്വത്തിന്റെ ഭാഗം തന്നെയായ ഈ പാടുകൾ കാരണം പലപ്പോഴും പരിഹാസവും അപമാനവും സ്ത്രീകൾ സഹിക്കേണ്ടതായി വരാറുണ്ട്. തന്റെ കുഞ്ഞിനെ നൊന്ത് പ്രസവിച്ചതിന്റെ ഭാഗമായാണ് ഈ പാടുകൾ രൂപപെട്ടതെന്നും അതൊരിക്കലും ഒരു പോരായ്മയല്ലെന്നും താൻ ഒരു അമ്മയാണ് എന്നതിന്റെ ശക്തമായ അടയാളങ്ങളിൽ ഒന്നാണ് ഇതെന്നും മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ പലപ്പോഴും സ്ത്രീകൾക്ക് കഴിയാറില്ല.
മറ്റുള്ളവരുടെ കാര്യം പോകട്ടെ, സ്ട്രെച്ച് മാർക്കുകൾ മൂലം ഭർത്താക്കന്മാരിൽ നിന്നും കിടപ്പറയിൽ പോലും അവഗണ നേരിടുമ്പോഴാണ് പല സ്ത്രീകളും തകർന്നുപോകുന്നത്. പ്രസവം കാരണം മാത്രമല്ല, തടിയൽപ്പം കൂടിയാലും ചിലപ്പോഴൊക്കെ സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടാറുണ്ട്. പുരുഷന്മാരുടെ ദേഹത്തും ഇത് കാണാറുണ്ടെങ്കിലും സൗന്ദര്യം കൊണ്ട് മാത്രം സ്ത്രീയെ അളക്കുന്ന, അവളുടെ കഴിവുകളും, താൽപ്പര്യങ്ങളും, ബുദ്ധിവൈഭവവും കാണാതെ പോകുന്ന ഒരു സമൂഹത്തിൽ സ്ത്രീ തന്നെയാണ് കൂടുതലും ഇത്തരം ആക്ഷേപങ്ങൾ നേരിടേണ്ടി വരിക.
സ്ത്രീകളെ അവരുടെ സ്വാഭാവികമായ ശരീരത്തിന്റെ പേരിൽ അവഗണിക്കുന്നതിനെ എതിർത്തുകൊണ്ട് അതിനെതിരെ ഒരു ശക്തമായ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗ്ലിറ്റർ ഉപയോഗിച്ച് കലാസൃഷ്ടികൾ നിർമ്മിക്കുന്ന പാകിസ്ഥാനി കലാകാരിയായ സാറാ ഷക്കീൽ. സ്ട്രെച്ച് മാർക്കുകൾ വീണ തന്റെ വയറിൽ തിളങ്ങുന്ന ഗ്ലിറ്റർ തേച്ചുപിടിപ്പിച്ച് അതൊരിക്കലും ഒരു കുറവല്ല എന്ന് പ്രഖ്യാപിക്കുകയാണ് ഈ കലാകാരി. കൃത്യമായി വയറിലെ വിണ്ട തൊലിയിലാണ് സാറാ ഗ്ലിറ്റർ ഒട്ടിച്ചിരിക്കുന്നത്.
ഇന്ന് വരെ തന്റെ ശരീരത്തിലെ പാടുകൾ കുറിച്ച് തനിക്ക് ഇത്രയും അഭിമാനം തോന്നിയിട്ടില്ല എന്നും സാറാ അഭിപ്രായപ്പെടുന്നു. പാടുകളിൽ ഗ്ലിറ്റർ തേയ്ക്കുക മാത്രമല്ല മറ്റ് സ്ത്രീകൾക്കും ഇക്കാര്യം ഒരു പ്രചോദനമാകുന്നതിന് വേണ്ടി അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു സാറാ ഷക്കീൽ. സാറയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീ അവളുടെ സ്വാഭാവികമായ ശരീരം ഒരിക്കലും നാണക്കേട് കൊണ്ടും അപകർഷത കൊണ്ടും മറച്ചുപിടിക്കേണ്ട കാര്യമില്ല എന്നും ഇവർ പറഞ്ഞുവയ്ക്കുന്നു.