thirupathi-ladu

കൊല്ലം: തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യവും പ്രസാദവുമായ ലഡുവിന് ഇനി കൊല്ലത്തിന്റെ രുചിയും. കൊല്ലത്ത് ഉത്പാദിപ്പിക്കന്ന കശുഅണ്ടി പരിപ്പും ചേർന്നായിരിക്കും ഇനി തിരുപ്പതി ലഡും ഉണ്ടാക്കുക. ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം കേരളം-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായി. ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കും. സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ,​ കാപ്പെക്സ് എന്നിവയിൽ നിന്നും പരിപ്പ് വാങ്ങനാണ് ധാരണയായത്.

തിരുപ്പതി ക്ഷേത്രത്തിൽ ഒരു ദിവസം ഏകദേശം നാല് ലക്ഷത്തോളം ലഡുവാണ് വിതരണം ചെയ്യുന്നത്. ഇത് ഉണ്ടാക്കാൻ ഏകദേശം പ്രതിമാസം 90 ടണ്ണിലേറെ പരിപ്പ് വേണ്ടി വരും. ഒരു വർഷം കുറഞ്ഞത് 1000 ടൺ. ഇതുവരെ ക്ഷേത്ര അധികൃതർ സ്വകാര്യ കരാറുകാരിൽ നിന്നുമാണ് പരിപ്പ് വാങ്ങിച്ചിരുന്നത്. കേരളത്തിൽ നിന്നും പരിപ്പ് വാങ്ങുന്നതോടെ 70 കോടി രൂപയുടെ ഇടപാടാണ് ഇരു സ്ഥാപനങ്ങൾക്കുമായി ലഭിക്കുന്നത്. കാഷ്യു ബോർഡാണ് ഇതിനു മുൻകയ്യെടുത്തത്. ക്ഷേത്രത്തിൽ ലഡു നിർമാണത്തിന് ദിവസം 3000 കിലോ കശുഅണ്ടിപ്പരിപ്പ് വേണം.

ആദ്യഘട്ടത്തിൽ 30 ടൺ പരിപ്പ് കിലോഗ്രാമിനു 669 രൂപ നിരക്കിൽ അയയ്ക്കും. 3 മാസത്തിലൊരിക്കൽ വില പുനർനിശ്ചയിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. സംസ്ഥാന കശുഅണ്ടി കോർപറേഷനിൽ നിന്നും കാപ്പെക്സിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്കു പരിപ്പ് വാങ്ങുന്നതോടെ 2 സ്ഥാപനങ്ങളുടെയും വ്യാപാരത്തിൽ വൻ കുതിപ്പുണ്ടാകുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.