ecih
ഇ - സിഗരറ്റ്

ന്യൂഡൽഹി: രാജ്യത്ത് ഇ - സിഗരറ്റിന്റെ നിർമ്മാണവും വിപണനവും അടിയന്തരമായി നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇ - സിഗരറ്റ് പ്രദർശിപ്പിച്ച്‌ അതിന്റെ ദൂഷ്യഫലങ്ങൾ വിവരിച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

ഇ സിഗരറ്റിന്റെ നിർമ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി, ഇ സിരഗറ്റിന്റെ പരസ്യങ്ങൾ എന്നിവയെല്ലാം നിരോധിച്ചെന്നും മന്ത്രി അറിയിച്ചു. ഇ - ഹുക്കയും നിരോധിക്കും. ഇതിനുള്ള ഓർഡിനൻസ് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

സിഗരറ്റിൽ നിന്ന് മുക്തമാവുക എന്ന ഉദ്ദേശ്യത്തോടെയാണ് പല യുവാക്കളും ഇ - സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്‌. ആ രീതിയിൽ സ്വീകാര്യതയും ലഭിച്ചു. എന്നാൽ സിഗരറ്റിനെ അതിജീവിക്കാൻ ഇ. സിഗരറ്റിനെ ആശ്രയിച്ചവർ വലിയ രീതിയിൽ ഇതിനും അടിമപ്പെടുകയായിരുന്നു. അമേരിക്കയിൽ ഏഴ് പേർ ഇ - സിരഗറ്റ് കാരണം മരിച്ചിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇത് നിരോധിക്കാൻ തീരുമാനിച്ചതെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു.

ഇലക്‌ട്രോണിക് സിഗരറ്റ്

ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നു

ബാറ്ററി റീ ചാർജ് ചെയ്യാം

സാധാരണ സിഗരറ്റ് പോലെ വലിക്കാം

പുകയില കത്തിക്കുന്നില്ല

പുകയിലയ്‌ക്ക് പകരം നിക്കോട്ടിൻ അടങ്ങിയ ഒരു ദ്രാവകം

ബാറ്ററി ഉപയോഗിച്ച് ഈ ദ്രാവകം ചൂടാക്കും

ചൂടാകുമ്പോൾ ഏറോസോൾ എന്ന രാസ വസ്‌തു ഉണ്ടാകും

ആവി (വേപ്പർ) പോലുള്ള ഇതാണ് വലിക്കുന്നത്.

സിഗരറ്റിന്റെ പുക പോലെ അനുഭവപ്പെടും

നിക്കോട്ടിന്റെ ഫലവും കിട്ടും

ശിക്ഷ

നിയമം ലംഘിച്ചാൽ ഒരുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.

കുറ്റം ആവർത്തിച്ചാൽ തടവ് മൂന്ന് വർഷവും പിഴ അഞ്ച് ലക്ഷവും

ഏറ്റവും കൂടുതൽ പുകവലിക്കാരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ

പ്രായപൂർത്തിയായ പത്ത് കോടി ആളുകൾ ഇന്ത്യയിൽ പുകവലിക്കുന്നു

ചൈനയ്‌ക്കാണ് ഒന്നാം സ്ഥാനം

ഇന്ത്യയിൽ ഒരു വർഷം 9 ലക്ഷം പേർ പുകവലി രോഗങ്ങൾ മൂലം മരിക്കുന്നു

"ഇന്ത്യയിൽ ഇ - സിഗരറ്റ് നിർമ്മിക്കുന്നില്ല. എന്നാൽ നാനൂറോളം ബ്രാൻഡുകൾ ഉണ്ട്. 150 രുചികളിൽ ഇവ ലഭ്യമാണ്. മണമില്ലാത്തതിനാൽ ആളുകൾ ഇതിലേക്ക് വേഗം ആകൃഷ്ടരാവും. ഉള്ളിലേക്ക് വലിക്കുന്ന നിക്കോട്ടിൻ വലിയ അളവിലാണ് എത്തുന്നത്'

- നിർമ്മലാ സീതാരാമൻ