ന്യൂഡൽഹി: രാജ്യത്ത് ഇ - സിഗരറ്റിന്റെ നിർമ്മാണവും വിപണനവും അടിയന്തരമായി നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇ - സിഗരറ്റ് പ്രദർശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങൾ വിവരിച്ചാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
ഇ സിഗരറ്റിന്റെ നിർമ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി, ഇ സിരഗറ്റിന്റെ പരസ്യങ്ങൾ എന്നിവയെല്ലാം നിരോധിച്ചെന്നും മന്ത്രി അറിയിച്ചു. ഇ - ഹുക്കയും നിരോധിക്കും. ഇതിനുള്ള ഓർഡിനൻസ് രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സിഗരറ്റിൽ നിന്ന് മുക്തമാവുക എന്ന ഉദ്ദേശ്യത്തോടെയാണ് പല യുവാക്കളും ഇ - സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയിൽ സ്വീകാര്യതയും ലഭിച്ചു. എന്നാൽ സിഗരറ്റിനെ അതിജീവിക്കാൻ ഇ. സിഗരറ്റിനെ ആശ്രയിച്ചവർ വലിയ രീതിയിൽ ഇതിനും അടിമപ്പെടുകയായിരുന്നു. അമേരിക്കയിൽ ഏഴ് പേർ ഇ - സിരഗറ്റ് കാരണം മരിച്ചിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇത് നിരോധിക്കാൻ തീരുമാനിച്ചതെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു.
ഇലക്‌ട്രോണിക് സിഗരറ്റ്
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നു
ബാറ്ററി റീ ചാർജ് ചെയ്യാം
സാധാരണ സിഗരറ്റ് പോലെ വലിക്കാം
പുകയില കത്തിക്കുന്നില്ല
പുകയിലയ്‌ക്ക് പകരം നിക്കോട്ടിൻ അടങ്ങിയ ഒരു ദ്രാവകം
ബാറ്ററി ഉപയോഗിച്ച് ഈ ദ്രാവകം ചൂടാക്കും
ചൂടാകുമ്പോൾ ഏറോസോൾ എന്ന രാസ വസ്‌തു ഉണ്ടാകും
ആവി (വേപ്പർ) പോലുള്ള ഇതാണ് വലിക്കുന്നത്.
സിഗരറ്റിന്റെ പുക പോലെ അനുഭവപ്പെടും
നിക്കോട്ടിന്റെ ഫലവും കിട്ടും
ശിക്ഷ
നിയമം ലംഘിച്ചാൽ ഒരുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.
കുറ്റം ആവർത്തിച്ചാൽ തടവ് മൂന്ന് വർഷവും പിഴ അഞ്ച് ലക്ഷവും
ഏറ്റവും കൂടുതൽ പുകവലിക്കാരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
പ്രായപൂർത്തിയായ പത്ത് കോടി ആളുകൾ ഇന്ത്യയിൽ പുകവലിക്കുന്നു
ചൈനയ്‌ക്കാണ് ഒന്നാം സ്ഥാനം
ഇന്ത്യയിൽ ഒരു വർഷം 9 ലക്ഷം പേർ പുകവലി രോഗങ്ങൾ മൂലം മരിക്കുന്നു
"ഇന്ത്യയിൽ ഇ - സിഗരറ്റ് നിർമ്മിക്കുന്നില്ല. എന്നാൽ നാനൂറോളം ബ്രാൻഡുകൾ ഉണ്ട്. 150 രുചികളിൽ ഇവ ലഭ്യമാണ്. മണമില്ലാത്തതിനാൽ ആളുകൾ ഇതിലേക്ക് വേഗം ആകൃഷ്ടരാവും. ഉള്ളിലേക്ക് വലിക്കുന്ന നിക്കോട്ടിൻ വലിയ അളവിലാണ് എത്തുന്നത്'
- നിർമ്മലാ സീതാരാമൻ