couple

തിരുപുർ: അക്കൗണ്ടിലേക്ക് എത്തിയ 40 ലക്ഷം രൂപ ചെലവഴിച്ച ദമ്പതികൾക്ക് കിട്ടിയത് മുട്ടൻപണി. 2012ലാണ് എൽ.ഐ.സി ഏജന്റായ വി. ഗുണശേഖരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 40 ലക്ഷം രൂപ ക്രെഡിറ്റായത്. ഇത് എവിടെ നിന്ന് വന്നെന്ന് ഗുണശേഖരനും ഭാര്യ രാധയും അന്വേഷിച്ചില്ലെന്ന് മാത്രമല്ല ദിവസങ്ങൾക്കുള്ളിൽ ആ പണം അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയും ചെയ്തു.

സ്ഥലം വാങ്ങാനും മകളുടെ വിവാഹം നടത്താനുമായി ആ തുക ചെലവഴിച്ചു. സംഭവം മറ്റാരും അറിഞ്ഞുമില്ല. ജനപ്രതിനിധികൾക്ക് അനുവദിക്കുന്ന വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് അക്കൗണ്ട് മാറി ഗുണശേഖരന്റെ അക്കൗണ്ടിലേക്ക് എത്തിയത്. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പരാതി നൽകിയതോടെയാണ് ഗുണശേഖരന്റെ കഷ്ടപ്പാട് ആരംഭിച്ചത്.

അന്വേഷണത്തിൽ ഗുണശേഖരന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയതെന്ന് കണ്ടെത്തി. 2015ൽ ഗുണശേഖരനെതിരെ സർക്കാരും പരാതി നൽകി. പണം തിരിച്ചടയ്ക്കാമെന്ന് ഇയാൾ സമ്മതിച്ചിരുന്നെങ്കിലും അതുണ്ടാകാത്തതിനെത്തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.