ചെന്നൈ: ഹിന്ദി രാജ്യത്തെ പൊതുഭാഷയാക്കണമെന്ന അമിത് ഷായുടെ വാദത്തിൽ പ്രതികരിച്ച് തമിഴ് നടൻ രജനികാന്ത്. ഇന്ത്യയ്ക്ക് മാത്രമല്ല ഏതൊരു രാജ്യത്തിന്റെയും ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരു പൊതു ഭാഷയുണ്ടാകുന്നത് നല്ല കാര്യമാണെന്നും എന്നാൽ, ഇന്ത്യയിൽ ഒരു പൊതുഭാഷ കൊണ്ടുവരിക എന്നത് നിർഭാഗ്യവശാൽ നടക്കില്ലെന്നും രജനികാന്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ ജെല്ലിക്കെട്ട് സമരത്തെക്കാൾ വലിയ പ്രക്ഷോഭം നടക്കുമെന്ന് നടനും മക്കൾനീതിമയ്യം നേതാവുമായ കമലഹാസൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.