ജീവിതത്തിൽ അനുജത്തി ഇല്ലെങ്കിലും അമ്പിളി ദേവി, നസ്രിയ, പ്രയാഗ മാർട്ടിൻ എന്നിങ്ങനെ വെള്ളിത്തിരയിൽ പൃഥ്വിരാജിന് നിരവധി അനുജത്തിമാരെ കിട്ടിയിട്ടുണ്ട്. അതിൽ തനിക്ക് ഏറ്റവും അടുപ്പം തോന്നിയത് നസ്രിയയോടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'അഭിനയിച്ചവരിൽ കൂടുതൽ പേരെയും ഫ്രണ്ടസായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷേ നേരിട്ട് കാണുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ചപ്പോൾതന്നെ ആ ഒരു ഫീലിംഗ് തോന്നിയിട്ടുള്ളത് നസ്രിയയോടാണ്. നച്ചു ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരും. എന്റെ മോളുടെ വളരെയടുത്ത സുഹൃത്താണ്. നസ്രിയയെയാണ് എനിക്ക് അനിയത്തിയായി തോന്നിയിട്ടുള്ളത്. ഒരുപാട് തവണ അനുജത്തി ഉണ്ടായിരുന്നെങ്കിലെന്ന് അഗ്രഹിച്ചിട്ടുണ്ട്. നച്ചുനെ പരിചയപ്പെടുന്നതിന് മുമ്പും ആ അഗ്രഹം ഉണ്ടായിരുന്നു. എന്റെ കസിൻസെല്ലാം എന്നേക്കാൾ മൂത്തതാണ്'-പൃഥ്വിരാജ് പറഞ്ഞു.
പെൺകുഞ്ഞുങ്ങളോട് പണ്ടേ ഇഷ്ടമായിരുന്നെന്നും തനിക്ക് പെൺകുഞ്ഞിനെ കിട്ടണമേയെന്ന് പ്രാർഥിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ കൂടെ അഭിനയിച്ചവരിൽ സ്വന്തം അനുജത്തിയായി തോന്നിയത് ആരോടാണെന്ന ഒരു ആരാധികയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.