ന്യൂഡൽഹി:ഇന്ത്യയുടെ അതിർത്തിയുടെ സമഗ്രമായ ചരിത്രം എഴുതാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുമതി നൽകി.
രാജ്യത്തിന്റെ അതിർത്തി രൂപം കൊണ്ടതു മുതൽ അതിൽ ഇക്കാലത്തിനിടെ വന്ന മാറ്റങ്ങൾ, അതിർത്തിയിലെ സുരക്ഷാസേനയുടെ പ്രവർത്തനം, അതർത്തി മേഖലയിലെ ജനസമൂഹത്തിന്റെ വംശ ചരിത്രം, അവരുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ജീവിതം തുടങ്ങിയവയെല്ലാം രേഖപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. രണ്ട് വർഷം കൊണ്ട് ചരിത്ര രചന പൂർത്തിയാകും.
ഇത് സംബന്ധിച്ച്, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ആർക്കൈവ്സ് ഡയറക്ടറേറ്റ് ജനറൽ, ആഭ്യന്തര, വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗ് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
രാജ്യത്തിന്റെ അതിർത്തിയെയും അവിടത്തെ ജനതയെയും പറ്റി ഇന്ത്യൻ ജനതയ്ക്ക് സമഗ്രമായ അറിവ് നൽകാനുള്ള ആദ്യത്തെ പദ്ധതിയാണിത്. ചൈനയുമായും പാകിസ്ഥാനുമായും ദീർഘകാലമായി തർക്കം നിലനിൽക്കുന്ന അതിർത്തിയും നിയന്ത്രണ രേഖയുമാണ് ഇന്ത്യയ്‌ക്കുള്ളത്. പാക് അധിനിവേശ കാശ്‌മീർ ഇന്ത്യ പിടിച്ചെടുക്കുമെന്നു വരെ ചില കേന്ദ്രമന്ത്രിമാർ അടുത്തിടെ പറഞ്ഞിരുന്നു.