
ന്യൂഡൽഹി: തീരദേശ നിയമങ്ങൾ ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനുള്ളിൽ പൊളിച്ചുനീക്കാമെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. കോടതി അനുവദിക്കുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങാമെന്നും ആക്യൂറേറ്റ് ഡെമോലിഷേഴ്സ് എന്ന കമ്പനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കാനായി ടെണ്ടർ വിളിച്ചെങ്കിലും സർക്കാർ നടപടികളിൽ പുരോഗതിയില്ല. ഫ്ലാറ്റ് മുഴുവനായി പൊളിച്ചുനീക്കാൻ ഏതാണ്ട് 30 കോടി ചെലവ് വരും. മലിനീകരണം ഇല്ലാതെ ഫ്ലാറ്റ് പൊളിച്ചുനീക്കാമെന്നും കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, മരട് കേസിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാനില്ലെന്ന് കാട്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാർ അഭിഭാഷകന് കത്ത് നൽകി. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാനുള്ള നിയമ സാദ്ധ്യത ആരാഞ്ഞ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ സംസ്ഥാന സർക്കാർ സൂചന നൽകിയിരുന്നു. കേസിൽ സംസ്ഥാനത്തിനായി സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകൻ ഹാജരാകുമെന്നാണ് വിവരം.
അതേസമയം, മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്ന് തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എൻ.ജി അഭിലാഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊളിക്കുന്ന ഫ്ലാറ്റിന്റെ സമീപവാസിയെന്ന നിലയിലാണ് അഭിലാഷ് ഹർജി നൽകിയത്. 60 വർഷമായി തന്റെ കുടുംബം മരടിൽ താമസിക്കുന്നവരാണെന്നും ഫ്ലാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ചൂണ്ടിക്കാണിച്ചിരുന്നു ഹർജി. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. പാരിസ്ഥിതിക പഠനത്തിന് എൻ.ഇ.ഇ.ആർ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.
ചെന്നൈ ഐ.ഐ.ടി പറയുന്നത്:
ഫ്ളാറ്റുകൾ പൊളിച്ചുനീക്കൽ പരിമിതമായ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവില്ല. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും. സമീപത്തുള്ള കെട്ടിടങ്ങളെയും ബാധിക്കും. കനാലുകൾ, ആൾ താമസമുള്ള കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ എന്നിവയ്ക്ക് ഹാനിയുണ്ടാകും. ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലും വായുമലിനീകരണം ഉണ്ടാകും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് ബാദ്ധ്യതയാകും.