marad-flat-

ന്യൂഡൽഹി : മരട് ഫ്ലാറ്റ് കേസിൽ കേരളത്തിന് വേണ്ടി സോളിസി​റ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയിൽ ഹാജരാകാൻ സാദ്ധ്യതയില്ല. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള നിർദ്ദേശത്തിനെതിരെ ഹാജരാകാനാകില്ലെന്ന് തുഷാർ മേത്ത സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനെ അറിയിച്ചു. 23ന് മരട് കേസ് സുപ്രിംകോടതി പരിഗണിക്കുമ്പോൾ തുഷാർ മേത്തയെ ഹാജരാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. തുഷാർ മേത്തയുടെ ഉപദേശപ്രകാരമാണ് മരടിലെ ഫ്ളാ​റ്റുകളിൽ നോട്ടീസ് പതിച്ചത്.

മുതിർന്ന അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായ ആർ.വെങ്കട്ടരമണിയെ മരട് കേസിൽ ഹാജരാക്കാ ൻ സർക്കാർ തീരുമാനിച്ചതായും അറിയുന്നു

അതിനിടെ തീരദേശ നിയമങ്ങൾ ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനുള്ളിൽ പൊളിച്ചുനീക്കാമെന്ന് കാട്ടി ബംഗളൂരു ആസ്ഥാനമായ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. കോടതി അനുവദിക്കുകയാണെങ്കിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങാമെന്നും ആക്യൂറേറ്റ് ഡെമോലിഷേഴ്സ് എന്ന കമ്പനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഫ്ലാറ്റ് പൊളിച്ചുനീക്കാനായി ടെണ്ടർ വിളിച്ചെങ്കിലും സർക്കാർ നടപടികളിൽ പുരോഗതിയില്ല. ഫ്ലാറ്റ് മുഴുവനായി പൊളിച്ചുനീക്കാൻ ഏതാണ്ട് 30 കോടി ചെലവ് വരും. മലിനീകരണം ഇല്ലാതെ ഫ്ലാറ്റ് പൊളിച്ചുനീക്കാമെന്നും കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്