തിരുവനന്തപുരം: തൊഴിൽ നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോടു മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാട് പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മിനിമം വേതനം വിജ്ഞാപനത്തിന്റെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ അതു വീണ്ടും ചർച്ചചെയ്യാൻ സർക്കാർ തയാറാണ്. നിയമം പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. അതു നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തവുമുണ്ട്. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ലേബർ കമ്മിഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലേബർ കമ്മിഷണർ സി.വി. സജൻ, അഡിഷണൽ ലേബർ കമ്മിഷണർ രഞ്ജിത് മനോഹർ, സി.ഐ.ടി.യു. നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, കെ. ശിവൻകുട്ടി, കെ.എൻ. ഗോപിനാഥ്, മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.