ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിനായി വ്യോമപാത തുറന്നുനൽകില്ലെന്ന് പാകിസ്ഥാൻ. മോദിക്കായി വ്യോമപാത തുറന്നുനൽകാനുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ തള്ളി. നേരത്തെ രാഷ്ട്രപതി രാംനാഥ്കോവിന്ദിനും വ്യോമപാത തുറന്നു നൽകിയിരുന്നില്ല. കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കാതെ വ്യോമപാത തുറന്നുനൽകില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
യു.എൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രയ്ക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. സെപ്തംബർ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.