ubaid

 ജഡ്‌ജിമാരുടെ നിയമനത്തിന് നിയമനിർമ്മാണം വേണം

കൊച്ചി: പൊതുജനങ്ങളുടെ വികാരവും ചിന്തയും തിരിച്ചറിയാതെ ജഡ്‌ജിമാർ നിയമത്തെ വ്യാഖ്യാനിച്ചാൽ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകുമെന്ന് ജസ്റ്റിസ് പി. ഉബൈദ് അഭിപ്രായപ്പെട്ടു. ഇന്നലെ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് ഹൈക്കോടതിയിൽ നൽകിയ യാത്രഅയപ്പിലാണ് ഇക്കാര്യം പറഞ്ഞത്. നീതി നടപ്പാക്കുന്ന പ്രക്രിയയിൽ ജനങ്ങൾ വിശ്വാസത്തോടെ പങ്കുചേരുമ്പോഴാണ് ജുഡിഷ്യറിയിൽ ജനാധിപത്യവത്കരണം സാദ്ധ്യമാകുന്നത്. സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലെ സുതാര്യതയും ജുഡിഷ്യറിയുടെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമാണ്. ജഡ്ജിമാരുടെ നിയമനങ്ങളെ നിയന്ത്രിക്കാൻ നമുക്കൊരു നിയമമില്ല. ഇതിനായി കുറ്റമറ്റ നിയമനിർമ്മാണം പാർലമെന്റ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തെ ദുഷിപ്പിക്കാനും ഭരണഘടനയെ വികൃതമാക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭരണവ്യവസ്ഥയെ ജനാധിപത്യവിരുദ്ധമാക്കാനും ജുഡിഷ്യറിയെ കീഴടക്കാനുമുള്ള ദുഷിച്ച നീക്കങ്ങൾ ഇപ്പോഴും കാണാം. നമ്മുടെ നിലപാടും കടപ്പാടും രാഷ്ട്രീയഭീഷണികൾക്കു വഴങ്ങുന്നതാവരുതെന്നും ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

ഹൈക്കോടതിയിലെ ഒന്നാംകോടതിയിൽ നടന്ന ഫുൾകോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് ഉൾപ്പെടെ ജഡ്ജിമാരും അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. സി. ശ്രീധരൻനായർ തുടങ്ങിയവരും പങ്കെടുത്തു.

ജസ്റ്റിസ് പി. ഉബൈദ്

1981 ൽ കോഴിക്കോട് ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദമെടുത്ത പി. ഉബൈദ് 1988 ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 2014 ജനുവരി ഒന്നിന് കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി. 2016 മാർച്ച് മൂന്നിന് സ്ഥിരം ജഡ്ജിയായി. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി, ശങ്കർ റെഡ്‌ഡിക്ക് ഡി.ജി.പി പദവി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ രമേശ് ചെന്നിത്തലയടക്കം ഉള്ളവരെ കുറ്റവിമുക്തരാക്കിയ വിധി, ബന്ധുനിയമനക്കേസിൽ ഇ.പി. ജയരാജനെ ഒഴിവാക്കിയ വിധി തുടങ്ങിയവ ജസ്റ്റിസ് ഉബൈദിന്റേതാണ്.