ന്യൂഡൽഹി: ഹിന്ദി ഭാഷാ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്റി അമിത് ഷാ. ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. മാതൃഭാഷയ്ക്കൊപ്പം ഹിന്ദികൂടി പഠിക്കണമെന്നാണ് അഭ്യർത്ഥിച്ചതെന്നും അമിത് ഷാ പറഞ്ഞു. ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണം.
തന്റെ വാക്കുകൾ വ്യാഖ്യാനിച്ച് ചിലർ രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദിയെ മാതൃഭാഷക്ക് ശേഷം പരിഗണിക്കണമെന്നാണ് താൻ പറഞ്ഞത്. ഹിന്ദി പ്രധാന ഭാഷയല്ലാത്ത ഗുജറാത്തിൽ നിന്നാണ് താൻ വരുന്നതെന്നും അമിത് ഷാ പറഞ്ഞു.ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്റാവാക്യം ഉയർത്തിയാണ് ഹിന്ദി ഭാഷ വിവാദത്തിന് അമിത് ഷാ തിരികൊളുത്തിയത്. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത് ഷാ പറഞ്ഞിരുന്നു. ഒരു രാജ്യം, ഒരു നികുതി, ഒറ്റ തിരഞ്ഞെടുപ്പ്, ഒരു ഭരണഘടന തുടങ്ങി ബി.ജെ.പി മുന്നോട്ടുവെച്ച മുദ്റാവാക്യങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നം യഥാർഥ്യമാകാൻ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി ഉപയോഗിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. . ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.