share-market-

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ കൂടൊഴിയുന്നു. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ട ജൂലായ് അഞ്ചുമുതൽ ഇതുവരെ 33,700 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞത്. കഴിഞ്ഞ 20 വർഷത്തിനിടെ വിദേശ നിക്ഷേപകർ ഒരു ത്രൈമാസത്തിൽ നടത്തുന്ന ഏറ്രവും വലിയ വിറ്റൊഴിയലാണിത്.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) ബഡ്‌ജറ്റിൽ ഏർപ്പെടുത്തിയ സൂപ്പർ റിച്ച് ടാക്‌സാണ് നിക്ഷേപം ഇടിയാൻ പ്രധാന കാരണമായത്. പിന്നീട്, നികുതി നിർദേശം സർക്കാർ പിൻവലിച്ചെങ്കിലും വിദേശ നിക്ഷേപകർ ഇനിയും ഓഹരികളിലേക്ക് തിരിച്ചെത്തിയിട്ടില്ല. പ്രതീക്ഷിച്ചതിനേക്കാൾ മോശമായ ഇന്ത്യയുടെ സമ്പദ്‌വളർച്ച, വായ്‌പാ ലഭ്യതക്കുറവ്, അമേരിക്ക-ചൈന വ്യാപാരയുദ്ധം, പശ്‌ചിമേഷ്യയിലെ സംഘർഷങ്ങൾ എന്നിവയും വിദേശ നിക്ഷേപം ഇടിയാനുള്ള കാരണങ്ങളാണ്.

ജൂലായ് അഞ്ചുമുതൽ ഇതുവരെ സെൻസെക്‌സ് എട്ടു ശതമാനം ഇടിവ് നേരിട്ടു. സെൻസെക്‌സിലെ 80 ശതമാനത്തോളം ഓഹരികളും ജൂലായ് മുതൽ നഷ്‌ടത്തിലാണുള്ളത്. ജൂലായ് ഒന്നുമുതൽ സെപ്‌തംബർ 17വരെ ടാറ്റാ സ്‌റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വേദാന്ത, ഒ.എൻ.ജി.സി എന്നിവയ്‌ക്കുണ്ടായ നഷ്‌ടം 15 മുതൽ 33 ശതമാനം വരെയാണ്. വിദേശ നിക്ഷേപകർക്കിടയിൽ പൊതുവേ ഏറ്റവും സ്വീകാര്യമായ ഓഹരികളിൽ ഇക്കാലയളവിൽ 44 ശതമാനം വരെ നഷ്‌ടമുണ്ടായി.

₹11.65 ലക്ഷം കോടി

കേന്ദ്ര ബഡ്‌ജറ്റ് അവതരിപ്പിക്കപ്പെട്ട ജൂലായ് അഞ്ചുമുതൽ സെപ്‌തംബർ 17വരെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ നഷ്‌ടം 11.65 ലക്ഷം കോടി രൂപയാണ്. 151.35 ലക്ഷം കോടി രൂപയിൽ നിന്ന് 139.70 ലക്ഷം കോടി രൂപയായാണ് മൂല്യം താഴ്‌ന്നത്. എട്ടു ശതമാനത്തോളം പോയിന്റ് നഷ്‌ടമാണ് ഇക്കുറി സെൻസെക്‌സ് കുറിച്ചത്.

''മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ തിരിച്ചെത്തുമെന്നും മികച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും ഉള്ള പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് കാലത്ത്, വിദേശ നിക്ഷേപകർ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. എന്നാൽ, സൂപ്പർ റിച്ച് ടാക്‌സ് ഉൾപ്പെടെ ആദ്യ ബഡ്‌ജറ്റ് തന്നെ തിരിച്ചടിയായതോടെ നിക്ഷേപകർ കളം വിടുകയായിരുന്നു""

ഗൗതം ഛോച്ചാറിയ,

എം.ഡി., യു.ബി.എസ് സെക്യൂരിറ്റീസ്