chippy
കൊല്ലപ്പെട്ട ചിപ്പി

ആലുവ: ജില്ലാ ആശുപത്രി വളപ്പിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കത്തിക്കുത്തേറ്റ് യുവാവ് തത്ക്ഷണം മരിച്ചു. ആലുവ യു.സി കോളേജ് വി.എച്ച് കോളനി സതീഷ് ഭവനത്തിൽ ചിപ്പിയാണ് (34) മരിച്ചത്. സുഹൃത്തുക്കളായ പടിഞ്ഞാറെ കടുങ്ങല്ലൂർ പറമാട്ടിൽ വീട്ടിൽ കൃഷ്ണപ്രസാദ് (29), ചൂണ്ടി കുറ്റിക്കാട്ടിൽവീട്ടിൽ വിശാൽ (35) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കൃഷ്ണപ്രസാദിനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും വിശാലിനെ എറണാകുളം ലേക്‌‌‌ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ചൂണ്ടി സ്വദേശി മുന്ന എന്ന് വിളിക്കുന്ന മൻസൂറും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജില്ലാ ആശുപത്രിയിലെ അത്യാഹിത ബ്ളോക്കിന് സമീപമായിരുന്നു സംഭവം. ആലുവ ചൂണ്ടി ചങ്ങനാംകുഴി വീട്ടിൽ ബിലാൽ എന്ന് വിളിക്കുന്ന മണികണ്ഠനാണ് കുത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിന് മൊഴി നൽകി. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാളെ ഇന്നലെ രാത്രിയോടെ കാക്കനാട് ഭാഗത്തുനിന്ന് എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: മണികണ്ഠന്റെ ഭാര്യ ജില്ലാ ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലാണ്. മരിച്ചയാളും കുത്തേറ്റവരും ജില്ലാ ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സതേടിയെത്തിയവരാണ്. അവിടെനിന്ന് ‌മരുന്നുകഴിച്ച ശേഷം പ്രസവവാർഡിന് മുന്നിലൂടെ നാലുപേരും മടങ്ങുമ്പോൾ മണികണ്ഠനെ കണ്ടു. മുൻവൈരാഗ്യമുണ്ടായിരുന്ന ഇവർ അയാളെ ആക്രമിക്കാൻ മുതിർന്നു. അതിനിടെ മണികണ്ഠൻ കത്തിയെടുത്ത് കുത്തി. വിശാലിനെ കുത്തിയപ്പോൾ ചിപ്പി തടയാൻ ശ്രമിക്കുകയായിരുന്നു. ചിപ്പി ഉൾപ്പെടെയുള്ള സംഘത്തിന്റെ മയക്കുമരുന്ന് കച്ചവടം മണികണ്ഠൻ എക്സൈസിന് ചോർത്തി നൽകിയെന്ന സംശയമാണ് വൈരാഗ്യം വർദ്ധിക്കാൻ കാരണം. മണികണ്ഠനെതിരെ എടത്തല പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. ഇസ്ളാംമതത്തിൽപ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് മണികണ്ഠൻ ബിലാൽ എന്ന പേര് സ്വീകരിച്ച് ഇസ്ളാംമത വിശ്വാസിയായത്.

എസ്.പി കെ. കാർത്തിക്, എ.എസ്.പി എം.ജെ. സോജൻ, ഡി.വൈ.എസ്.പി ജി. വേണു, സി.ഐ സലീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ചിപ്പിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.