news

1. ഹിന്ദി ഭാഷാ വിവാദത്തില്‍ വിശദീകരണവും ആയി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കണം എന്ന് താന്‍ പറഞ്ഞിട്ടില്ല. മാതൃ ഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണം എന്ന അഭിപ്രായമാണ് പറഞ്ഞത്. ഹിന്ദി സംസാരിക്കാത്ത ഗുജറാത്തില്‍ നിന്നും ആണ് താന്‍ വരുന്നത്. രാഷ്ട്രീയം കളിക്കുന്നതിന് മുമ്പ് എന്താണ് പറഞ്ഞത് എന്ന് മനസിലാക്കണം എന്നും അമിത്ഷാ.




2. അതേസമയം, അസമില്‍ മാത്രമല്ല രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും എന്നും അമിത് ഷാ. കൃത്യമായ പൗരത്വ രേഖകള്‍ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്‍മാരായി അംഗീകരിക്കൂ. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു എന്നും അമിത് ഷാ വ്യക്തമാക്കി. റാഞ്ചിയില്‍ ഒരു സ്വകാര്യ പരിപാടിയില്‍ ആണ് അമിത് ഷായുടെ പ്രഖ്യാപനം.
3. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേരളത്തിന് വേണ്ടി ഹാജരാകില്ല. ഫ്ളാറ്റ് പൊളിക്കണം എന്ന ഉത്തരവിനെ അനുകൂലിച്ച് മാത്രമേ ഹാജരാകാന്‍ ആകൂ എന്ന് മേത്ത. ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. വെങ്കിട്ടരമണി ഹാജരാകും.
4. അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാം എന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. അക്യുറേറ്റ് ഡിമോളിഷേഴ്സ് എന്ന കമ്പനിയാണ് ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തിനുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാം. 30 കോടി രൂപ ചിലവ് വരുമെന്നും ബംഗളൂരു ആസ്ഥാനമായ കമ്പനി അറിയിച്ചു. മലനീകരണം ഉണ്ടാവില്ല എന്നും കമ്പനി. കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്ക് ഉള്ളില്‍ നടപടികള്‍ തുടങ്ങാം. ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതി ഇല്ലെന്നും കമ്പനി.
5. അതിനിടെ, മരട് ഫ്ളാറ്റിലെ ഉടമകളെ തത്കാലം ഒഴിപ്പിക്കില്ല എന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നാദിറ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളു എന്നും പുനരധിവാസം ഒരുക്കേണ്ടത് സര്‍ക്കാര്‍ എന്നും ടി.എച്ച് നാദിറ പ്രതികരിച്ചിരുന്നു.
6. മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്. 11.52 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ആണ് ഈ നേട്ടം ലഭിക്കുക.
7. റെയില്‍വേ ജീവനക്കാര്‍ക്ക് മികച്ച പ്രോത്സാഹനം ആകും ഈ തീരുമാനം എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് ആയും ജാവദേക്കര്‍ വ്യക്തമാക്കി. ബോണസ് നല്‍കുന്നതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്ന ചെലവ് 2,024.40 കോടി രൂപയാണ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ഇത് തുടര്‍ച്ച ആയ ആറാം വര്‍ഷമാണ് റെയില്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി ബോണസ് നല്‍കുന്നത് എന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
8. ഓണ കാലത്ത് നിറുത്തി വച്ച മോട്ടോര്‍ വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍ വീണ്ടും തുടങ്ങും. എന്നാല്‍ ചട്ട ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ല എന്ന് മോട്ടോര്‍ വാഹനവകുപ്പ്. ചട്ട ലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ. നിയമം നടപ്പാക്കുന്നതിലെ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നത തലയോഗം വിളിക്കും. എട്ട് ഇനങ്ങളില്‍ പിഴത്തുക പകുതിയാക്കിയ മണിപ്പൂര്‍ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
9. മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ആണ് തല്‍ക്കാലം ഓണ കാലത്തേക്ക് മാത്രം വാഹന പരിശോധന നിറുത്തി വയ്ക്കുകയും ഉയര്‍ന്ന പിഴ തല്‍ക്കാലം ഈടാക്കേണ്ട എന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്. വന്‍തുക പിഴയായി ഈടാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ബി.ജെ.പി ഉള്‍പ്പെടെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കനത്ത പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യ മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നു എങ്കിലും പിന്നീട് നിലപാടില്‍ മലക്കം മറിയുക ആയിരുന്നു.
10. പി.എസ്.സി പരീഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും ഡി.ജി.പിയ്ക്കും സി.ബി.ഐയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്. നോട്ടീസ് അയച്ചുള്ള കോടതി നടപടി, ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല എന്ന് സര്‍ക്കാരും പി.എസ്.സിയും പറയുന്നതിന്റെ കാരണം വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട്. പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
11. ക്രമക്കേടിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത് എന്ന ആശങ്ക മുന്‍നിറുത്തി ആണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. ആഴത്തില്‍ ഉള്ള അന്വേഷണം സി.ബി.ഐയ്ക്ക് മാത്രമേ സാധ്യമാകൂ എന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരം ആണെന്ന് കോടതി നിരീക്ഷണം. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷാ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാ തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നത് എന്ന് കോടതി. പ്രത്യേകസംഘം കേസില്‍ അന്വേഷണം നടത്തി വരികയാണ് എന്നും കേസില്‍ അറസ്റ്റ് അടക്കം ഉള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു