vikranth

 അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ച്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പലായ ‘ഐ.എൻ.എസ് വിക്രാന്തി'ൽ നിന്ന്‌ മോഷണംപോയത് ആറ്‌ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കുകളാണെന്ന് വ്യക്തമായി. മോഷണം നടന്നത് അതീവ സുരക്ഷാമേഖലയിലാണ്. അതിനാൽ അന്വേഷണം ഷിപ്പ്‌യാർഡ്‌ ജീവനക്കാരിലേക്ക്‌ വ്യാപിപ്പിച്ചു. ഹാർഡ് ഡിസ്‌ക്കുകൾക്കൊപ്പം മൂന്ന്‌ മൈക്രോ ചിപ്പുകളും ആറ്‌ റാൻഡം ആക്‌സസ്‌ മെമ്മറിയും മൂന്ന്‌ സി.പി.യുവും നഷ്‌ടപ്പെട്ടു. സംശയനിഴലിലുള്ളവരെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്‌തു.

കപ്പലിന്റെ നിർമ്മാണ ജോലികളിൽ 1200 ലധികം ജീവനക്കാരാണുള്ളത്. ഇന്നലെ വിരലടയാള വിദഗ്ദ്ധർ കമ്പ്യൂട്ടറുകളിൽ പരിശോധന നടത്തി. കൈയുറകൾ ഉപയോഗിച്ചാണ്‌ മോഷണം നടത്തിയതെന്ന്‌ വ്യക്തമായി. ഇന്റലിജൻസ്‌ ബ്യൂറോ ഉദ്യോഗസ്ഥരും പരി​ശോധി​ച്ചു. കമ്പ്യൂട്ടർ തകർത്താണ് ഹാർഡ് ഡിസ്‌കുകൾ മോഷ്ടിച്ചത്. കമ്പ്യൂട്ടർ മുറിയിലുണ്ടായിരുന്ന കൂളർഫാൻ സംവിധാനവും നശിപ്പിച്ചു.
തിങ്കളാഴ്‌ച വൈകിട്ടാണ് ഹാർഡ് ഡിസ്‌ക്ക് മോഷണം പോയതായി സൗത്ത് പൊലീസിന് പരാതി ലഭിച്ചത്. നാവിക സേനയ്ക്കുവേണ്ടിയാണ് വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുന്നത്. മോഷണം നടന്നത് എന്നാണെന്ന് വ്യക്തമല്ല.
ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം ആരംഭിച്ച 2009 മുതൽ കനത്ത സുരക്ഷയിലായിരുന്നു കൊച്ചിൻ ഷിപ്പ്‌യാർഡ്. അതീവ സുരക്ഷാമേഖലയിൽ എങ്ങനെ മോഷണം നടന്നുവെന്നത് പ്രത്യേകമായി അന്വേഷിക്കും. നഷ്ടപ്പെട്ട ഹാർഡ് ഡിസ്‌ക്കുകൾ ഷിപ്പ് യാർഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. കേസന്വേഷണച്ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് അസി. കമ്മിഷണർ ബിജി ജോർജിന് കൈമാറി.
262 മീറ്റർ നീളവും 40,000 ടൺ കേവുഭാരവുമുള്ള വിമാനവാഹിനി കപ്പലിന് 30 മിഗ് 28കെ യുദ്ധവിമാനങ്ങളെയും 10 അന്തർവാഹിനിവേധ ഹെലികോപ്‌ടർ ഉൾപ്പെടെയുള്ള വിവിധോദ്ദേശ്യ ഹെലികോപ്‌ടറുകളെയും വഹിക്കാൻ കഴിയും. 196 ഓഫീസർമാർക്കും 1449 സെയിലർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. 2021ൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 20,000 കോടി രൂപയാണ് നിർമ്മാണച്ചെലവ്.