റിയാദ് : എണ്ണകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീരുക്കളാണെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. എണ്ണ മേഖലയ്ക്കു നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മന്ത്റിസഭാ യോഗത്തിനു ശേഷം സൽമാൻ രാജാവ് പറഞ്ഞു.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്റിസഭാ യോഗം ശനിയാഴ്ച നടന്ന ആക്രമണത്തിനു ശേഷമുള്ള സാഹചര്യം വിലയിരുത്തി. ഇത്തരം ആക്രമണങ്ങൾ ആഗോളസമ്പദ് വ്യവസ്ഥയ്ക്കു ഭീഷണിയാണെന്നു സൽമാൻ രാജാവ് പറഞ്ഞു. എണ്ണമേഖലയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ചു നീങ്ങണമെന്നു സൗദി ഭരണാധികാരി ആഹ്വാനം ചെയ്തു.
അതേസമയം അരാംകോ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും.
അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായും പിയോ പിന്നീട് കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു.