ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കായ് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാൻ തള്ളി. വ്യോമപാത തുറന്നു നൽകില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി അറിയിച്ചു. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെയും പാകിസ്ഥാൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക.
യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ പാകിസ്ഥാന്റെ അനുമതി തേടിയിരുന്നത്. ഈ മാസം 21 നാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. 27 നാണ് യു.എൻ സമ്മേളനം ആരംഭിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത്. ഈ മാസമാദ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഐസ്‌ലാൻഡിലേക്കുള്ള യാത്രയ്ക്കായും പാകിസ്ഥാൻ വ്യോമപാത തുറന്നുനൽകിയിരുന്നില്ല.അതേസമയം, യു.എൻ സമ്മേളനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാശ്മീർ വിഷയത്തിൽ സംസാരിക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലായ് 16നാണ് ഇത് തുറന്ന് കൊടുത്തത്. എന്നാൽ, പിന്നീട് ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന് മുകളിലൂടെ പറന്നാണ് അന്ന് നരേന്ദ്രമോദി ഫ്രാൻസിലെത്തിയത്.