pannyan-raveendran

കൊല്ലം: രാജ്യത്തിന് ഒരു ദേശീയഭാഷ വേണമെന്നും അത് ഹിന്ദി ആയിരിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടാണെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സോപാനം ആഡിറ്റോറിയത്തിൽ വെളിയം ഭാർഗ്ഗവൻ അനുസ്മരണ പ്രഭാഷണവും മുല്ലക്കര രത്‌നാകരൻ രചിച്ച്, പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച 'സമരത്തണലിൽ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിഭജിക്കുക ബി.ജെ.പിയുടെ അജണ്ടയാണ്. ഹിന്ദുരാജ്യം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഭരണഘടനയെയും നിയമത്തെയും കോടതികളെയും വരുതിയിൽ നിർത്താനുള്ള ഭരണാധികാരിയുടെ ഹുങ്കിനെതിരെ ശക്തമായ സമരം ഉയർന്നുവരേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപ്രവർത്തനം സ്ഥാനമാനങ്ങൾക്കുവേണ്ടി മാത്രമുള്ളതാണെന്ന ചിന്ത വളർന്നുവരുന്ന ഇക്കാലത്ത് ആശാന്റെ സ്മരണകൾ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലക്കര രത്‌നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജി ലാലു സ്വാഗതം പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി. എൻ.അനിരുദ്ധൻ ആശംസ നേർന്നു. വെളിയം ഭാർഗ്ഗവന്റെ മകൾ മഞ്ജു, ജെ ചിഞ്ചുറാണി, ആർ. രാമചന്ദ്രൻ എം.എൽ.എ, ആർ.രാജേന്ദ്രൻ, ആർ. വിജയകുമാർ, പ്രൊഫ. സുലഭ തുടങ്ങിയവർ പങ്കെടുത്തു.