റിയാദ്: എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് ശക്തമായ തെളിവുകളുമായി സൗദി അറേബ്യയുടെ വാർത്താസമ്മേളനം.. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇറാന്റെ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചതോ കൈമാറിയതോ ആണെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും സൗദി പ്രതിരോധ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ സൗദിക്ക് നേരെ 'ഇറാൻ പിന്തുണയ്ക്കുന്ന' ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും അവതരിപ്പിച്ചാണ് സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കിയുടെ വാർത്താസമ്മേളനം.
പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ചു കൊണ്ടാണ് സൗദിയുടെ വാർത്താ സമ്മേളനം. ആക്രമണത്തിന് പിന്നിൽ ഇറാന്റെ കൈകളുണ്ടെന്നത് സംശയരഹിതമായി തെളിയിക്കുന്നതാണ് ഇതെന്നും സൗദി പ്രതിരോധവക്താവ് പറയുന്നു ആക്രമണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായത് വ്യക്തമായും വടക്ക് ഭാഗത്തു നിന്നാണെന്നും അതിനാൽ യെമന്റെ ഭാഗത്ത് നിന്നല്ല ആക്രമണങ്ങളെന്നത് വ്യക്തമാണെന്നും സൗദി അറിയിച്ചു. മിസൈലുകൾ തൊടുത്തത് ഇറാന്റെ സഹായത്തോടെയാണെന്നും സൗദി വ്യക്തമാക്കുന്നു. ഇറാന്റെ സൈനികശക്തി പ്രകടനത്തിൽ അവതരിപ്പിച്ച അതേ ഡ്രോണുകളുടെ മാതൃകയിലുള്ള ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സൗദി ആരോപിക്കുന്നു.
എന്നാൽ അമേരിക്കയ്ക്ക് നൽകിയ കത്തിൽ ആക്രമണത്തിന് പിന്നിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി
യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്.