സ്മാർട്ട് ഫോണുകൾ മുതൽ സ്മാർട്ട് ടിവി വരെ മാത്രമല്ല നിത്യോപയോഗത്തിലുള്ള പല ഉപകരണങ്ങളും ഇന്ന് സ്മാർട്ടായി കൊണ്ടിരിക്കുകയാണ്. ശബ്ദം ഉപയോഗിച്ച് എസി, ലൈറ്റുകൾ തുടങ്ങി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അലെക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലെയുള്ള സ്മാർട് അസിസ്റ്റന്റ് സേവനങ്ങൾ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു.
നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഡോർ ബെൽ, ക്ലോക്ക്, സ്പീക്കർ, ബൾബ്, ടെലിവിഷൻ, സ്വിച്ച്, ഫാൻ പോലുള്ള ഉപകരണങ്ങൾ സ്മാർട് ആയി മാറിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ ചെലവിൽ ആർക്കുവേണമെങ്കിലും സ്മാർട് ഹോം സംവിധാനം ഒരുക്കാം. നിങ്ങളുടെ കിടപ്പുമുറി മാത്രം സ്മാർട് ആക്കാൻ ഏകദേശം15000 രൂപ മാത്രമേ ആകൂ ഒരു സ്മാർട് ഹോം ശൃംഖലയ്ക്ക് ആദ്യം വേണ്ടത് ഒരു സ്മാർട് സ്പീക്കറോ, സ്മാർട് ഡിസ്‌പ്ലേയോ ആണ്. ആമസോണിന്റെ എക്കോ ഉപകരണങ്ങളും ഗൂഗിളിന്റെ ഹോം മിനി സ്പീക്കറും വിപണിയിലുണ്ട്. 3999 രൂപ മുതൽക്കാണ് ഇവയുടെ വില.എക്കോ സ്പീക്കറുകളിലും, ഗൂഗിൾ ഹോം സ്പീക്കറുകളിലും വിലകൂടിയ പതിപ്പുകളുമുണ്ട്. അവയും ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ മുറി സ്മാർട് ആക്കാൻ പഴയ എൽ.ഇ.ഡി ലൈറ്റ് ഒഴിവാക്കി പകരം ഒരു സ്മാർട് ലൈറ്റ് ഉപയോഗിക്കാം. എന്നാൽ സ്മാർട് ബൾബുകൾക്ക് വിലകൂടും. വിപ്രോയും സിസ്‌കയും പുറത്തിറക്കുന്ന 7 വാട്ടിന്റെ സ്മാർട് ബൾബുകൾക്ക് ഏകദേശം 699 രൂപ വിലയുണ്ട്. ഒമ്പത് വാട്ട് സ്മാർട് ബൾബിന് ഏകദേശം 799 രൂപയും വരും. ഷാവോമിയുടെ 999 രൂപ വിലയുള്ള സ്മാർട് ബൾബും വിപണിയിലുണ്ട്. അലെക്സ ഉപയോഗിച്ചും ഗൂഗിൾ അസിസ്റ്റന്റ് വഴിയും ഇവ പ്രവർത്തിപ്പിക്കാൻ ആവും. സ്മാർട്ബൾബുകളിലെ പ്രകാശത്തിന്റെ നിറവും തീവ്രതയുമെല്ലാം ഇഷ്ടാനുസരണം അതും ശബ്ദനിർദേശങ്ങളിലൂടെ മാറ്റാൻ സാധിക്കും.
സ്മാർട് പ്ലഗ് വഴി എ.സി ഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതുമെല്ലാം ശബ്ദനിർദേശങ്ങളിലൂടെയാക്കാൻ നിങ്ങൾക്ക് സാധിക്കും. എസി മാത്രമല്ല. മറ്റേത് ഉപകരണവും ഈ രീതിയിൽ പ്രവർത്തിപ്പിക്കാം. ടേബിൾ ലാമ്പ് അതിന് ഒരു ഉദാഹരണമാണ്. സ്മാർട് ബൾബിനേക്കാൾ സ്മാർട്ട് പ്ലഗിന് ചെലവേറും.
വിപ്രോയുടെ 10 ആമ്പിയർ സ്മാർട്പ്ലഗിന് ഏകദേശം 1200 രൂപയോളം വിലയുണ്ട്. 16 ആമ്പിയർ പ്ലഗിന് 2000 രൂപയിലധികം വില വരും. ഗീസർ, വാട്ടർപമ്പ്, എ.സി എന്നീ വലിയ ഉപകരണങ്ങളുമായി പ്രവർത്തിക്കുന്ന ഓക്ടറിന്റെ സ്മാർട് പ്ലഗിന് 3500 രൂപയോളം വിലവരും. നിങ്ങളുടെ ആവശ്യാനുസരണം സ്മാർട് പ്ലഗ് തിരഞ്ഞെടുക്കാം.
നിങ്ങളുടെ ഒരു സ്മാർട് മുറിയിൽ സ്മാർട് സ്പീക്കറിന് നൽകുന്ന ശബ്ദ നിർദേശങ്ങളിലൂടെ അവ നിയന്ത്റിക്കാൻ നിങ്ങൾക്കാവും. സ്മാർട് ഡിസ്‌പ്ലേയിൽ വീഡിയോ സ്ട്രീമിംഗ് ആപ്പുകൾ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാനും, പാട്ടുകൾ കേൾക്കാനും, വാർത്തകൾ ചോദിച്ചറിയാനും അലാറം സെറ്റ് ചെയ്യാനുമെല്ലാം സ്മാർട് സ്പീക്കറുകൾ ഉപയോഗിക്കാം. ഇത് കൂടാതെ ഫോൺ ചെയ്യാനും. ഇന്റർനെറ്റിൽ മറ്റ് വിവരങ്ങൾ തിരയാനും ഈ സ്മാർട് ഡിസ്‌പ്ലേകളുടെ സഹായം തേടാം.