ind
INDU

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വളർച്ചയ്‌ക്ക് കുതിപ്പേകുന്ന കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. വടക്കൻ ജില്ലകളുടെയും കൊച്ചി നഗരത്തിന്റെയും മുഖച്‌ഛായ മാറ്റുന്ന പടുകൂറ്റൻ പദ്ധതിയിൽ വൻവ്യവസായങ്ങൾക്ക് പുറമെ ചെറുകിട, ഇടത്തരം വ്യവസായങ്ങളും തഴച്ചുവളരും.

ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും നീട്ടാനാണ് കേന്ദ്രതീരുമാനം. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരളത്തിന്റെ ദീർഘകാല ആവശ്യമാണ് നിറവേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമാണിത്. പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിലുള്ള പദ്ധതിയാണിത്. ഏണസ്റ്റ് ആൻഡ് യംഗ് കൺസൾട്ടന്റാണ് കേരളത്തിന്റെ പദ്ധതി തയ്യാറാക്കിയത്.

വരുന്നത് വമ്പൻ വികസനം

എറണാകുളം, പാലക്കാട്, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളുടെ വമ്പൻ വികസനം

ഈ ജില്ലകളിൽ ടൗൺഷിപ്പുകളും ഉപഗ്രഹനഗരങ്ങളും (സാറ്റലെറ്റ് സിറ്റി )

പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഐ.ടി പാർക്കുകൾ, കോളേജുകൾ, സ്‌കൂളുകൾ

ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ

കേന്ദ്രസർക്കാർ കോടികൾ ഒഴുക്കി വൻ അടിസ്ഥാനസൗകര്യ വികസനം

അതോടെ കൂടുതൽ കമ്പനികൾ നിക്ഷേപം നടത്തും.

റോഡ്, റെയിൽവേ, തുറമുഖം, വിമാനത്താവളങ്ങൾ ഇടനാഴിയുമായി ബന്ധിപ്പിക്കും

കൊച്ചി തുറമുഖത്തിനും നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾക്കും വളർച്ച ചരക്കുനീക്കത്തിന് കൊച്ചിയിൽ 100ഏക്കറിൽ ലോകോത്തര ലോജിസ്റ്റിക്സ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക്

ഇതിന് ദുബായിലെ ഡി.പിവേൾഡ് താത്പര്യമറിയിച്ചിട്ടുണ്ട്

ഇടനാഴിയുടെ ഭാഗമായ തമിഴ്നാട്ടിലെ തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ഹൊസൂർ നഗരങ്ങളിലേക്ക് റോഡുകൾ വരും

ഈ നഗരങ്ങളിലെ വൻ ഉത്പാദനകേന്ദ്രങ്ങളിൽ നിന്ന് കൊച്ചി തുറമുഖം വഴി ചരക്കു നീക്കം വിമാനത്താവളങ്ങളിലും ചരക്കു നീക്കം വർദ്ധിക്കും.

അന്താരാഷ്ട്ര വിമാനസർവീസുകളും കൂടും.

കയറ്റുമതിക്കൊപ്പം ആഭ്യന്തര വ്യാപാരവും പൊടിപൊടിക്കും

ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾ വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര ഉൽപ്പന്നങ്ങൾ നാളികേരം, കപ്പ, കയർ തുടങ്ങിയവയ്ക്ക് ഗുണം.

പാലക്കാട്ടും കണ്ണൂരും സേലത്തും ക്ലസ്റ്ററുകൾ

പാലക്കാട്ടും കണ്ണൂരും തമിഴ്നാട്ടിലെ സേലത്തും വമ്പൻ വ്യവസായങ്ങളുടെ ക്ലസ്റ്ററുകൾ ബൃഹത്തായ ചരക്കു ഗതാഗത സൗകര്യം, ബഹുനില വ്യവസായ സമുച്ചയങ്ങൾ, ചെറുതും വലുതുമായ വ്യവസായ സംരംഭങ്ങൾ എന്നിവയടങ്ങുന്നതാവും ക്ലസ്റ്ററുകൾ.

ക്ലസ്റ്ററുകൾക്ക് 2000 മുതൽ 5000 ഏക്കർ സ്ഥലം 'നിക്ഡിറ്റ്' നിഷ്‌കർഷിച്ചിരുന്നു.

കേരളത്തിൽ ഭൂമി ലഭിക്കാൻ പ്രയാസം കാരണം 1800 ഏക്കറായി കുറച്ചു.

കൊച്ചി - സേലം ദേശീയപാതയുടെ രണ്ടുവശങ്ങളിലായി 100 കിലോമീറ്ററിലാണ് പാലക്കാട്ടെ ക്ലസ്റ്റർ

ഇതിനായി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി 1800 ഏക്കർ ഭൂമി

870 കോടി ചിലവിട്ട് ഈ സ്ഥലം കേന്ദ്രസർക്കാർ വികസിപ്പിക്കും.

ഇവിടെ 10,000 കോടിയുടെ സ്വകാര്യനിക്ഷേപവും 10,000 പേർക്ക് നേരിട്ടുള്ള തൊഴിലും

കണ്ണൂർ രണ്ടാം ഘട്ടത്തിൽ 2022ലാണ് ഇടനാഴിയുടെ ഭാഗമാവുക.

''ലോജിസ്റ്റിക്സ് പാർക്ക്, വെയർഹൗസ്, കോൾഡ് സ്റ്റോറേജ് മുതലായ വ്യവസായങ്ങൾക്കാണ് കൂടുതൽ സാദ്ധ്യത. ക്ലസ്റ്റർ കൊച്ചി തുറമുഖത്തിന്റെ അടുത്തായതിനാൽ പാലക്കാട് - കൊച്ചി മേഖലയിൽ ക്ലസ്റ്ററിനു പുറത്തും നിരവധി വ്യവസായങ്ങൾക്ക് സാദ്ധ്യതയുണ്ട്.'' കെ. ഇളങ്കോവൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി