
ടോക്കിയോ: നടി പാർവതി അഭിനയിച്ച 'സിവരഞ്ജിനിയും ഇന്നും സില പെൺകളും' എന്ന തമിഴ് ചിത്രം ജപ്പാനിലെ ഫുക്കുവോക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു.
വസന്ത് എസ്. സായ് ആണ് സംവിധായകൻ. മേളയുടെ ഡയറക്ടർ ഹരികി യസുഹിറോ, ചലച്ചിത്രമേള കമ്മിറ്റി ചെയർമാന്‍ കുബോടാ ഇസാവോ എന്നിവരിൽ നിന്ന് സംവിധായകൻ പുരസ്‌കാരം ഏറ്റുവാങ്ങി.
പാർവതിക്കൊപ്പം കാളീശ്വരി ശ്രീനിവാസ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. സരസ്വതി, ദേവകി, ശിവരഞ്ജിനി എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലെ സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ജയമോഹൻ, ആദവൻ, അശോകമിത്രൻ എന്നിവരെഴുതിയ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് വസന്ത് ചിത്രം ഒരുക്കിയത്. കുടുംബ വ്യവസ്ഥിതിയും ചെറുപ്പത്തിലുള്ള വിവാഹവും ഗർഭധാരണവുമൊക്കെ കാരണം വ്യക്തിത്വം തന്നെ പണയം വയ്‌ക്കേണ്ടി വരുന്നവരാണ് പ്രധാന കഥാപാത്രങ്ങളായി വരുന്ന മൂന്ന് സ്ത്രീകൾ. സ്ത്രീയുടെ ആത്മാഭിമാനം എല്ലായ്‌പ്പോഴും ചോദ്യം ചെയ്യപ്പെടുകയാണെന്ന് ചിത്രം കാണിച്ചു തരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപകപ്രശംസ നേടിയിരുന്നു.