ന്യൂഡൽഹി: നിയപ്രകാരം നിരോധിച്ചിട്ടും രാജ്യത്ത് തൊട്ടുകൂടായ്‌മ ഇല്ലാതായോയെന്ന് സുപ്രീംകോടതി. എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളംചേർത്ത മുൻഉത്തരവിന് എതിരായ ഹർജികളിൽ വാദംകേൾക്കവേയാണ് ജസ്‌റ്റിസ് അരുൺമിശ്ര തൊട്ടുകൂടായ്‌മ വിഷയത്തിൽ സംശയം പ്രകടിപ്പിച്ചത്. തൊട്ടുകൂടായ്‌മ രാജ്യത്ത് ശരിക്കും ഇല്ലാതായോയെന്ന് എല്ലാ പൗരൻമാരും അവരുടെ ഹൃദയങ്ങളോട് ചോദിക്കണം. ശുചീകരണതൊഴിലിൽ ഏർപ്പെടുന്നവരുമായി ഹസ്‌തദാനം ചെയ്യാൻ എത്രപേർ തയാറാകുമെന്നും ജഡ്‌ജി ചോദിച്ചു. ശുചീകരണതൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങൾ ഒരുക്കാത്ത കേന്ദ്രസർക്കാരിനെ കോടതി വിമർശിച്ചു. മുഖാവരണം പോലും ഇല്ലാതെയാണ് തൊഴിലാളികൾ ഓടകളിലും മറ്റും ഇറങ്ങി പണിയെടുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ശ്വാസം പോലും കിട്ടാത്ത ഓടകളിലും കുഴികളിലും ഇറങ്ങി ജോലി ചെയ്യുന്നവർക്ക് ആവശ്യമായ സുരക്ഷ പോലും നൽകാത്തത് മനുഷ്യത്വവിരുദ്ധമായ നടപടിയാണെന്നും കോടതി പറഞ്ഞു. എസ്.സി, എസ്.ടി നിയമത്തിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തിയ മുൻ ഉത്തരവിന് എതിരെ സർക്കാർ സമർപ്പിച്ച പുനഃപരിശോധനഹർജിയിൽ കോടതി വാദംകേൾക്കൽ പൂർത്തിയാക്കി.