വാഷിംഗ്ടൺ ; അമേരിക്കയിലെ സ്ത്രീകളിൽ 30 ലക്ഷത്തിൽ അധികം പേരുടെയും ആദ്യ ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് റിപ്പോർട്ട്. കൗമാരപ്രായത്തിലാണ് കൂടുതൽ പേരും ഇത്തരത്തിൽ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിതരാകുന്നത്. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ വാർഷിക സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. യു.എസിലെ 16 സ്ത്രീകളിൽ ഒരാൾ എന്ന കണക്കിലാണ് ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നത്.
ഇത്തരത്തിൽ ആദ്യ അനുഭവം പീഡനമായിട്ടുള്ളവർ സമ്മതത്തോടെ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരെക്കാൾ ദീർഘ നാളത്തെ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരുമെന്ന് ജാമ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 18 നും 44 നും ഇടയിൽ പ്രായമായ സ്ത്രീകളിലാണ് സർവേ നടത്തിയത്. ആദ്യത്തെ ലൈംഗിക ബന്ധം നിങ്ങളുടെ താൽപ്പര്യപ്രകാരമായിരുന്നോ എന്നായിരുന്നു ചോദ്യം. അല്ല എന്ന് ഉത്തരം പറഞ്ഞതിൽ 56 ശതമാനവും വാക്കാലുള്ള സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു എന്നാണ്. കിടന്നുകൊടുക്കുകയായിരുന്നു എന്നാണ് 46 ശതമാനം സ്ത്രീകൾ പറഞ്ഞത്. 25 ശതമാനം പേരാണ് ശാരീരിക അതിക്രമത്തിന് ഇരയായത്.
സർവേ നടത്തിയവരിൽ 6.5 ശതമാനം പേരുടേയും ആദ്യ ലൈംഗിക ബന്ധം ബലാത്സംഗമായിരുന്നു. ഏകദേശം 15 വയസിലാണ് തന്നേക്കാൾ ഒരുപാട് വയസ് മൂത്ത ആളുമായി ഇവർക്ക് ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വന്നത്. പീഡനത്തിന് ശേഷം സ്ത്രീകൾക്ക് പെൽവിക് പെയ്ൻ, ആർത്തവം ക്രമമല്ലാതെ ആവുക തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി.
കൂടാതെ അഞ്ചിൽ ഒരു സ്ത്രീ ജീവിതത്തിൽ ബലാത്സംഗത്തിന് ഇരയാകുന്നുണ്ട്. ഒരു വ്യക്തിയുടെ താൽപ്പര്യത്തിന് വിരുദ്ധമായി നടക്കുന്ന എല്ലാം ലൈംഗിക ബന്ധങ്ങളും പീഡനമായാണ് കണക്കാക്കുന്നത്. ഒരാൾ വാക്കാൽ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും പീഡനമായി കണക്കാക്കും.