kalyana-veedu-

ചെന്നൈ : ലൈംഗിക പീഡനത്തിന്റെ അടക്കം അതീവ വയലൻസ് രംഗങ്ങൾ അടങ്ങിയ സീരിയൽ ഭാഗം സംപ്രേക്ഷണം ചെയ്തതിന് ചാനലിന് പിഴശിക്ഷ. സൺ ടിവിയ്ക്കാണ് ബ്രോഡ്കാസ്​റ്റിംഗ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അതോറിട്ടി രണ്ടര ലക്ഷം രൂപ പിഴ വിധിച്ചത്.

സൺ ടിവിയുടെ പ്രൈംടൈം പരമ്പരയായ കല്യാണ വീടിലാണ് ഇത്തരം രംഗങ്ങൾ ഉണ്ടായിരുന്നത്. ഈ മാസം 23 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ കല്യാണ വീട് പരമ്പരയ്ക്ക് മുമ്പ് ചാനൽ ക്ഷമാപണം എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

മെയ് 14, 15 തീയതികളിൽ സംപ്രേഷണം ചെയ്ത എപ്പിസോഡുകളിലാണ് അശ്ലീല രംഗങ്ങൾ ഉൾപ്പെട്ടത്. മേട്ടി ഒലി ഫെയിം തിരുമുരുഗൻ എം. ആണ് പരമ്പരയുടെ സംവിധായകൻ. ചിത്രത്തിൽ നായകവേഷത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. സീരിയലിലെ വിവാദ ഭാഗങ്ങളിൽ, പ്രതിനായികയായ വനിതാകഥാപാത്രം, വാടകക്കെടുത്ത ഗുണ്ടാസംഘത്തോട് തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യാൻ ആവശ്യപ്പെടുന്നു.


നിർദേശങ്ങളെല്ലാം കേട്ടശേഷം ഗുണ്ടാസംഘത്തലവൻ പ്രതിനായികയെ തന്നെ കൂട്ടബലാത്സംഗം ചെയ്യാൻ തീരുമാനിക്കുന്നു. തുടർന്ന് കു​റ്റിക്കാട്ടിലേക്ക് ഇവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് മ​റ്റ് സംഘാംഗങ്ങളോടും പോയി എൻജോയ് ചെയ്യാൻ ഇയാൾ നിർദേശിക്കുന്നതും സീരിയലിലുണ്ട്.

ഇതിനേക്കാൾ കടുത്ത രംഗങ്ങളാണ് പിന്നീട് ചാനലിൽ സംപ്രേഷണം ചെയ്തത്. ജൂൺ 28ന്റെ എപ്പിസോഡിൽ ബലാത്സഗം ചെയ്ത അക്രമികൾക്കെതിരെ കടുത്ത ശിക്ഷയാണ് പ്രതിനായികയും സഹായിയും ചേർന്ന് നടപ്പാക്കുന്നത്. അക്രമികളായ ഗുണ്ടകളുടെ ലിംഗം ഛേദിച്ച് തീയിലെറിയുന്നതാണ് സംപ്രേഷണം ചെയ്തത്.

സീരിയലിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം കടുത്ത പ്രതിഷേധമാണ് ഉയർന്നത്. തുടർന്നാണ് ബ്രോഡ്കാസ്​റ്റിംഗ് കണ്ടന്റ് കംപ്ലെയ്ന്റ്സ് അതോറിട്ടി ചാനലിനും സീരിയൽ നിർമ്മാതാക്കളായ തിരു പിക്‌ചേഴ്സിനും നോട്ടീസ് അയച്ചത്.

ചാനലിലെ ഉള്ളടക്കത്തെ നിർമ്മാതാക്കളും ചാനൽ അധികൃതരും ന്യായീകരിച്ചു. സീരിയൽ പ്രേക്ഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും, വേണ്ട മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്നുമാണ് ഇവർ വാദിച്ചത്. എന്നാൽ ഈ എപ്പിസോഡുകൾ പ്രശ്നമുള്ളതാണെന്ന് വിലയിരുത്തി അതോറിട്ടി ശിക്ഷ വിധിക്കുകയായിരുന്നു.