തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ലൈറ്റ് മെട്രോ ടെക്നോപാർക്കിലേക്ക് നീട്ടാനുള്ള പഠനം നാട്പാക് ഈയാഴ്ച തന്നെ ആരംഭിക്കും. കൺസൾട്ടൻസി തുക അടക്കമുള്ള വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് ഇന്നുതന്നെ നാട്പാക്, പദ്ധതി നടത്തിപ്പിനുള്ള കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷന് (കെ.ആർ.ടി.എൽ) സമർപ്പിക്കും. കെ.ആർ.ടി.എൽ വർക്ക് ഓർഡർ നൽകിയാലുടൻ നാട്പാക് പഠനം ആരംഭിക്കും. കരമന മുതൽ ടെക്നോസിറ്റി വരെയുള്ള നിലവിലെ മെട്രോ പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താനാണ് പഠനം. അതിവേഗ സർവേ നടത്തി റൂട്ട് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് നാട്പാക്കിനുള്ള നിർദ്ദേശം. കൊച്ചി മെട്രോ നിത്യേന ഒരുലക്ഷം യാത്രക്കാരുമായി കുതിച്ചുപായുമ്പോഴും നമ്മുടെ മെട്രോ ഫയൽക്കെട്ടിൽ ഉറങ്ങുകയാണെന്ന് സിറ്റികൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ദേശീയപാത വഴിയുള്ള നിലവിലെ മെട്രോ പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താൻ മുഖ്യമന്ത്രിയാണ് നിർദ്ദേശിച്ചത്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് വഴി ടെക്നോപാർക്കിന് പിൻഭാഗത്തു കൂടി ദേശീയപാതയിലെ അമ്പലത്തുംകരയിലെത്തി അവിടെ നിന്ന് കാര്യവട്ടത്തേക്കുള്ള പാതയിൽ കയറുംവിധത്തിൽ പുതിയ അലൈൻമെന്റ് തയ്യാറാക്കുകയാണ് നാട്പാക്കിന്റെ ദൗത്യം. ഈ പാതയിലൂടെ മെട്രോ ഓടിക്കുന്നത് സാങ്കേതികമായും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും സാദ്ധ്യമാണോയെന്നാണ് നാട്പാക് പഠിക്കുന്നത്.
ലൈറ്റ് മെട്രോയ്ക്ക് മുൻപുണ്ടായിരുന്ന മോണോറെയിൽ പദ്ധതിക്ക് സാദ്ധ്യതാപഠനം നടത്തിയതും ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള സമഗ്ര നഗര ഗതാഗത രൂപരേഖ തയ്യാറാക്കിയതും നാട്പാക്കായിരുന്നു. രണ്ടുമാസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നാട്പാക്കിനുള്ള നിർദ്ദേശം. ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ്-3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നു. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും നിരവധിയാണ്. നിലവിൽ കരമന വരെയുള്ള മെട്രോ ഭാവിയിൽ നെയ്യാറ്റിൻകര വരെയും പള്ളിപ്പുറത്തു നിന്ന് ആറ്റിങ്ങൽ വരെയും നീട്ടിയാൽ നഗരയാത്രയ്ക്ക് ഏറെ ഉപകാരപ്പെടും. നിലവിൽ ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്. ടെക്നോപാർക്ക് കണക്ടിവിറ്റിയുണ്ടെങ്കിൽ ലൈറ്റ്മെട്രോ കൂടുതൽ ലാഭകരമാവും. മാത്രമല്ല ഗതാഗതക്കുരുക്ക് അഴിയുകയും അന്തരീക്ഷ മലിനീകരണം കുറയുകയും ചെയ്യും. 120 കോടി അധികം ചെലവാക്കിയാൽ കഴക്കൂട്ടത്തു നിന്ന് ലൈറ്റ്മെട്രോ ടെക്നോപാർക്കിലേക്ക് സർവീസ് നീട്ടാമെന്നും 1.4 ഹെക്ടർ സ്വകാര്യ ഭൂമിയേറ്റെടുത്താൽ മതിയെന്നും ജീവനക്കാരുടെ സംഘടനകൾ സർക്കാരിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. ടെക്നോപാർക്കിനുള്ളിലൂടെ മെട്രോ സർവീസും പാർക്കിനുള്ളിൽ മെട്രോയുടെ സ്റ്റേഷനും വരാനിടയുണ്ട്. സ്റ്റേഷൻ നിർമ്മാണത്തിനുള്ള ചെലവ് ടെക്നോപാർക്ക് അധികൃതർ തന്നെ വഹിക്കാനാവുമോയെന്ന് കെ.ആർ.ടി.എൽ ആരാഞ്ഞിട്ടുണ്ട്. കഴക്കൂട്ടം കഴിഞ്ഞാൽ അടുത്ത സ്റ്റേഷൻ ടെക്നോപാർക്കായിരിക്കുമെന്നാണ് നിലവിലെ ധാരണ.
നാട്പാക്കിന്റെ പഠനം പൂർത്തിയായാലേ ഇവയ്ക്കെല്ലാം അന്തിമധാരണയുണ്ടാവൂ. മെട്രോയ്ക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും കണക്ടിവിറ്റിയുണ്ട്. അതിനാൽ പാർക്കിനുള്ളിൽ സ്റ്റേഷനുണ്ടായാൽ ടെക്കികൾ മെട്രോയാത്ര പതിവാക്കുമെന്നാണ് കെ.ആർ.ടി.എൽ പ്രതീക്ഷിക്കുന്നത്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് വഴി ടെക്നോപാർക്കിന് പിൻഭാഗത്തു കൂടി ദേശീയപാതയിലെ അമ്പലത്തുംകരയിലെത്തി അവിടെ നിന്ന് കാര്യവട്ടത്തേക്കുള്ള പാതയിൽ കയറുന്ന തരത്തിൽ പുതിയ അലൈൻമെന്റുണ്ടാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ടെക്നോപാർക്കിനുള്ളിൽ കൂടി മെട്രോ കടന്നുപോയില്ലെങ്കിൽ ടെക്കികൾക്ക് ഗുണം കിട്ടില്ല.
പഠനം വൈകരുത് പദ്ധതി കൈവിടും
ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്തി ലൈറ്റ് മെട്രോയുടെ പദ്ധതിരേഖ അനുമതിക്കായി കേന്ദ്രസർക്കാരിന് സമർപ്പിക്കാനാണ് സർക്കാർ തീരുമാനം. ഈ പഠനം വൈകിയാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് അനുമതി തേടുന്നത് വൈകും. കാലതാമസം ഒഴിവാക്കാനാണ് അതിവേഗ പഠനം നടത്തി റിപ്പോർട്ട് നൽകാൻ നാട്പാക്കിനോട് നിർദ്ദേശിച്ചത്.
മെട്രോ ടെക്നോപാർക്കിനുള്ളിലൂടെ ഓടിയാലോ അവിടെ സ്റ്റേഷനുണ്ടായാലോ സുരക്ഷാപ്രശ്നങ്ങളുണ്ടാവില്ല. നാട്പാക്കിന്റെ പഠനം വേഗത്തിൽ പൂർത്തിയാക്കും. സർവേക്ക് ശേഷമേ റൂട്ട് നിശ്ചയിക്കാനാവൂ'' കെ.എൻ. സതീഷ് മാനേജിംഗ് ഡയറക്ടർ, കെ.ആർ.ടി.എൽ