നിലവാരമുള്ള സിനിമകളുടെ ആസ്വാദനത്തിനായുള്ള ബദൽ പ്രസ്ഥാനം എന്ന നിലയ്ക്ക് തലസ്ഥാനത്ത് ആരംഭിച്ച ബാനർ ഫിലിം സൊസൈറ്റിക്ക് 15 വയസ്. ചുരുങ്ങിയ കാലം കൊണ്ട് നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ സജീവമായ സാന്നിദ്ധ്യവും ശ്രദ്ധയും നേടിയെടുക്കാൻ ബാനറിനായി. ലോക സിനിമയിലെ മാറ്റങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന ഒരു കൂട്ടം സിനിമാസ്വാദകരുടെ അക്ഷീണമായ പരിശ്രമമാണ് ഇത്രയും കാലം മുടക്കമില്ലാതെ മികച്ച സിനിമകളുടെ പ്രദർശന കേന്ദ്രമാക്കി ബാനറിനെ മാറ്റിയത്. വഴുതക്കാട് ലെനിൻ ബാലവാടിയിൽ എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ബാനറിന്റെ സിനിമാ പ്രദർശനം. ബേക്കറി ജംഗ്ഷൻ ചെമ്പകനഗർ ഈശ്വരചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രത്തിലാണ് ബാനറിന്റെ ഓഫീസ്.
വ്യത്യസ്തങ്ങളായ പ്രമേയങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന പ്രതിമാസ ഏകദിന ഫെസ്റ്റിവലുകളാണ് ബാനറിലെ പ്രധാന ആകർഷണം. ഇതിൽ നാല് സിനിമകൾ വരെ പ്രദർശിപ്പിക്കും. ലോകസിനിമാ മാസ്റ്റേഴ്സിന്റെ ചിത്രങ്ങൾ, ഇന്ത്യൻ മാസ്റ്റേഴ്സ്, മലയാളം മാസ്റ്റേഴ്സ്, അന്തർദ്ദേശീയ ഫെസ്റ്റിവലുകളിൽ പുരസ്കാരം ലഭിച്ച സിനിമകൾ, ബയോപിക്സ്, ഹൊറർ ക്ലാസിക്സ്, ഗ്രേറ്റ് ആർട്ടിസ്റ്റ്, ഓരോ വർഷവും പുറത്തിറങ്ങുന്ന പുതിയ ലോകസിനിമകൾ, അവധിക്കാലത്ത് കുട്ടികളുടെ ചലച്ചിത്രമേള, മിനിമിഫ്, മലയാളത്തിലെ പരീക്ഷണ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനങ്ങൾ തുടങ്ങിയവ ബാനറിന്റെ ശ്രദ്ധേയമായ പരിപാടികളാണ്.
മൈ ഫേവറൈറ്റ്സ്
സിനിമാരംഗത്തെ പ്രശസ്തരായ വ്യക്തികൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന മൈ ഫേവറൈറ്റ്സിന് 2012 ജനുവരിയിലാണ് ബാനർ തുടക്കമിട്ടത്. ചലച്ചിത്ര നിരൂപകനും ബാനർ ഫിലിം സൊസൈറ്റിയുടെ ഉപദേഷ്ടാവുമായ എം.എഫ്. തോമസ് തിരഞ്ഞെടുത്ത സിനിമകൾ കാണിച്ചുകൊണ്ടാണ് ഇൗ പാക്കേജ് ആരംഭിച്ചത്. എം.ടി. വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, പി.കെ. നായർ, ശ്യാം ബെനഗൽ, ഗിരീഷ് കാസറവള്ളി, ഗൗതം ഘോഷ്, അപർണാസെൻ, കെ.ആർ. മോഹനൻ, ഷാജി എൻ. കരുൺ, കെ.പി. കുമാരൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ വ്യക്തിത്വങ്ങൾ സിനിമകൾ തിരഞ്ഞെടുത്ത് അവതരിപ്പിച്ചതിലൂടെ ബാനറിന്റെ ഫിലിം സൊസൈറ്റി പ്രവർത്തനം സിനിമാപ്രേമികൾക്കിടയിൽ സവിശേഷ ശ്രദ്ധ നേടി.
ശില്പശാലകളും ആദ്യ പ്രദർശനങ്ങളും
പ്രദർശനത്തിനു പുറമേ ഇതര സിനിമാ പ്രവർത്തനങ്ങൾക്കും ബാനർ നേതൃത്വം വഹിക്കുന്നുണ്ട്. ഡിജിറ്റൽ കാലത്തെ ചെലവു കുറഞ്ഞ സിനിമ, ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളിൽ സിനിമാ മേഖലയിലെ ടെക്നിഷ്യന്മാരെ സംഘടിപ്പിച്ച് ബാനർ നടത്തിയ സിനിമാ വർക്ക്ഷോപ്പുകൾ സിനിമയിലേക്ക് കടന്നുവരുന്നവർക്ക് ഗുണം ചെയ്യുന്നതായിരുന്നു. ജയരാജിന്റെ ഒറ്റാൽ, ബാബുസേനൻ സഹോദരന്മാരുടെ ഒറ്റയാൾപാത, ഷെറിയുടെ കഖഗഘങ തുടങ്ങിയ ഒട്ടേറെ സമാന്തര സിനിമകളുടെ ആദ്യപ്രദർശനവും ബാനറിലായിരുന്നു. എം.എഫ്. തോമസിന്റെ ജീവിതം പകർത്തിയ 'നല്ല സിനിമയും ഒരു മനുഷ്യനും' എന്ന ഡോക്യുമെന്ററി നിർമ്മിക്കാനും ബാനറിനായി. നല്ല സിനിമകളെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചകൾക്കുള്ള വേദിക്കും ബാനർ തുടക്കമിട്ടുകഴിഞ്ഞു.
വാർഷികാഘോഷം ഇന്ന്
ബാനറിന്റെ 15-ാം വാർഷികാഘോഷം ഇന്ന് വൈകിട്ട് 5ന് ലെനിൻ ബാലവാടിയിൽ നടക്കും. അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 'നല്ല സിനിമയും ഒരു മനുഷ്യനും" എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും തുടർന്ന് നടക്കും.
ഫിലിം സൊസൈറ്റികൾ നേരിടുന്ന ഇന്നത്തെ പ്രതിസന്ധികൾ മറികടക്കാൻ പരിശ്രമിക്കുകയാണ് ബാനർ. നല്ല സിനിമകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിന്റെ സാമൂഹികമായ ആവശ്യകതയെ ഏറ്റെടുത്തുകൊണ്ട് മികച്ച സിനിമകളുടെ നിലനില്പിനും രൂപീകരണത്തിനും വഴിയൊരുക്കുകയാണ് ലക്ഷ്യം. -ആർ. ബിജു, സെക്രട്ടറി, ബാനർ ഫിലിം സൊസൈറ്റി