തിരുവനന്തപുരം: സ്വീഡനിൽ നടന്ന അതികഠിനമേറിയ മൂന്ന് ചലഞ്ചുകൾ ഉൾപ്പെടുന്ന അയൺമാൻ ചലഞ്ച് പൂർത്തിയാക്കി മലയാളി കേരളത്തിന് അഭിമാനമായി. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞനും കഴക്കൂട്ടം സ്വദേശിയുമായ രാഹുൽ രവികുമാറാണ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയത്. സ്വീഡനിലെ കൽമാറിൽ നടന്ന ചലഞ്ചിൽ 16 മണിക്കൂറിൽ 3.86 കിലോമീറ്റർ കടലിലൂടെയുള്ള നീന്തൽ, പിന്നാലെ 180 കിലോമീറ്റർ സൈക്ലിംഗ്, 42.2 കിലോമീറ്റർ മാരത്തൺ എന്നിവയാണ് ചലഞ്ചിലുണ്ടായിരുന്നത്. 14.18 മണിക്കൂറിൽ രാഹുൽ ചലഞ്ച് പൂർത്തീകരിച്ചു.
ഇന്ത്യയിൽ നിന്ന് 10 പേരാണ് ചലഞ്ചിനുണ്ടായിരുന്നത്. അതിൽ ആറ് പേർ പൂർത്തീകരിച്ചു. അയൺമാൻ ചലഞ്ച് പൂർത്തിയാക്കുന്ന ഐ.എസ്.ആർ.ഒയിലെ ആദ്യ താരം കൂടിയാണ് രാഹുൽ. ഒമ്പത് വർഷമായി ഐ.എസ്.ആർ.ഒയിൽ ജോലി നോക്കുന്ന രാഹുൽ മാരത്തൺ താരം കൂടിയാണ്. ഭാര്യ നിഖില ടെക്നോപാർക്കിൽ ജോലി നോക്കുന്നു. ലയോള സ്കൂൾ വിദ്യാർത്ഥിയായ ധ്രുവ് മകനാണ്. രാഹുലിന്റെ പിതാവ് രവികുമാറും ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്നു. ആശയാണ് അമ്മ.