തിരുവനന്തപുരം: വൈവിദ്ധ്യവും നൂതനവുമായ പദ്ധതികളിലൂടെ ദേശീയ - അന്തർദ്ദേശീയ ശ്രദ്ധ നേടിയ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് വീണ്ടും നേട്ടത്തിന്റെ പൊൻതിളക്കം. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാദ്ധ്യായ ശാക്തീകരൻ ദേശീയ പുരസ്കാരമാണ് ഇത്തവണ ജില്ലാ പഞ്ചായത്തിന്റെ വിജയ കിരീടത്തിലെ പൊൻതൂവലായത്. ജനകീയാസൂത്രണത്തിലെ സമാനതകളില്ലാത്ത വികസന മാതൃകകൾക്കാണ് അംഗീകാരം.
2017 -18 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. നേരത്തേ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമായ സ്വരാജ് ട്രോഫിയും തിരുവനന്തപുരം നേടിയിരുന്നു.
മികച്ച ജനപ്രതിനിധിക്കുള്ള സർക്കാരിന്റെ പ്രതിഭാ പുരസ്കാരം നേടിയ പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വമാണ് ജില്ലാ പഞ്ചായത്തിന്റെ കുതിപ്പ്. പദ്ധതികളുടെ നൈപുല്യവും നൂതന വീക്ഷണവുമാണ് തിരുവനന്തപുരത്തെ ദേശീയ ജേതാവാക്കിയത്. ഉത്പാദന മേഖലയിലും കാർഷിക രംഗത്തും മണ്ണ് സംരക്ഷണത്തിലും കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾക്കൊപ്പം ജില്ലാ പഞ്ചായത്തിനെ ഗിന്നസ് റെക്കാഡിന് അർഹമാക്കിയ സ്ത്രീശാക്തീകരണ പദ്ധതി 'രക്ഷ"യും, ദാരിദ്ര്യ ലഘൂകരണ പദ്ധതി 'പാഥേയ"വുമെല്ലാം നേട്ടത്തിന് കാരണമായി. ജില്ലാ പഞ്ചായത്തിന്റെ വൈവിദ്ധ്യമാർന്ന മാതൃകാ പദ്ധതികളിലൂടെ:
ജലശ്രീ
ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനും ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കാനും മഴവെള്ളം സംഭരിക്കുന്ന പദ്ധതിയാണ് ജലശ്രീ. പദ്ധതിയിലൂടെ ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലെ 252 സ്കൂളുകളിലെ കിണറുകളും 3249 പൊതുകിണറുകളും റീചാർജ് ചെയ്തു. കൂടാതെ 1797 കുളങ്ങളും 91662 മഴക്കുഴികളും 907 തടയണകളും നിർമ്മിച്ചു.
രക്ഷ
അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും ആത്മവിശ്വാസം വളർത്താനുമായി ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് നടപ്പാക്കിയ പദ്ധതിയാണ് രക്ഷ - സ്ത്രീ ശാക്തീകരണം. 125 സർക്കാർ - എയ്ഡഡ് സ്കൂളുകളിലെ 6000 പെൺകുട്ടികളെ അണിനിരത്തി ലോകവനിതാ ദിനത്തിൽ നടത്തിയ കരാട്ടെ പ്രദർശനം ഗിന്നസ് റെക്കാഡ് നേടി.
പാഥേയം
ജില്ലയെ വിശപ്പ് രഹിതമാക്കുന്നന് ഒരു നേരമെങ്കിലും ആഹാരം കഴിക്കാൻ മാർഗമില്ലാത്തവർക്ക് പൊതിച്ചോറ് തയ്യാറാക്കി വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് പാഥേയം. 71 ഗ്രാമപഞ്ചായത്തുകളിലെ 5000 ഗുണഭോക്താക്കൾക്ക് ദിവസവും പൊതിച്ചോറെത്തിക്കുന്നുണ്ട്. ഇതിനായി പ്രതിവർഷം 12 കോടി രൂപയാണ് വേണ്ടത്.
സ്നേഹധാര
ആയുർവേദ കോളേജ് ആശുപത്രിയിലെ ബാലചികിത്സാ വിഭാഗവുമായി ചേർന്ന് കുട്ടികളിലെ വളർച്ചാ വൈകല്യങ്ങളെ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിയാണ് സ്നേഹധാര. പദ്ധതിയിലൂടെ 12 വയസിന് താഴെയുള്ളവരിലെ വളർച്ചാ വൈകല്യങ്ങൾ കണ്ടെത്തി ആയുർവേദ ചികിത്സയ്ക്കൊപ്പം ഫിസിയോ, സ്പീച്ച്, ബിഹേവിയർ തെറാപ്പി തുടങ്ങിയവ സംയോജിപ്പിച്ച് ശാരീരികവും മാനസികവുമായ തകരാറുകൾ നിയന്ത്രിക്കും.
വനജ്യോതി
പട്ടികവർഗ മേഖലകളായ വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, അമ്പൂരി, കള്ളിക്കാട്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾക്ക് രാത്രികാല പഠനക്ലാസ് നടത്തുന്ന പദ്ധതിയാണ് വനജ്യോതി.
കേദാരം
ജില്ലയിലെ 1000 ഹെക്ടർ പാടശേഖരങ്ങളിൽ ഇരുപ്പ്, മുണ്ടകൻ സീസണുകളിൽ നെൽക്കൃഷി നടത്തി 8000 മെട്രിക് ടൺ നെല്ലും പതിനായിരം മെട്രിക് ടൺ വൈക്കോലും ഉത്പാദിപ്പിക്കുന്ന പദ്ധതി.
സമന്വയ
ട്രാൻസ്ജെൻഡേഴ്സിന്റെ പുരോഗതിക്കായി നടപ്പാക്കിയ 'സമന്വയ" പദ്ധതിയിലൂടെ സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താനും ജീവിത സുരക്ഷ കൈവരിക്കാനുമാണ് ലക്ഷ്യം.
ഗ്രന്ഥപ്പുര
ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ലൈബ്രറി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ലൈബ്രേറിയൻമാരെ നിയമിച്ച് ഓണറേറിയം നൽകുകയും, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ റഫറൻസ് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി.
മാനസ
വിദ്യാർത്ഥിനികൾക്ക് ആത്മവിശ്വാസം നൽകുകയും മാനസിക സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്ന പദ്ധതിയാണ് 'മാനസ". ഇതിലൂടെ ഭിന്നശേഷിക്കാർക്കടക്കം ഉപയോഗിക്കാവുന്ന ടോയ്ലറ്റുകൾ, വസ്ത്രം മാറുന്നതിനുള്ള സൗകര്യം, നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ എന്നിവയടക്കമുള്ള ഗേൾസ് അമിനിറ്റി സെന്റർ നിർമ്മിച്ചു. 142 സ്ഥാപനങ്ങളിലായി 150 സെറ്റ് മെഷീൻ സ്ഥാപിച്ചു.
ദിശ
സർക്കാർ സ്കൂളുകളിലെ ആൺകുട്ടികളെ യോഗ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കിയതാണ് 'ദിശ" പദ്ധതി. മതപരമായ ചിഹ്നങ്ങളില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. ആൺകുട്ടികൾക്ക് ശാരീരിക - മാനസിക ശക്തി നൽകി ലഹരിമുക്തമായ തലമുറയെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
കൂത്തമ്പലം
പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെണ്ട, ശിങ്കാരിമേളം, ബാൻഡ് മേളം, പഞ്ചവാദ്യം തുടങ്ങിയവയിൽ പരിശീലനം നൽകുകയും വാദ്യോപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്യുന്ന പദ്ധതിയാണ് 'കൂത്തമ്പലം". ഇതിലൂടെ തനത് കലാരൂപങ്ങളെ നിലനിറുത്തുകയാണ് ലക്ഷ്യം. കൂടാതെ ആരോഗ്യ മേഖലയിലും റോഡ്, പാലം എന്നിവയുടെ നിർമ്മാണ മേഖലയിലും തുടർച്ചയായ പദ്ധതിയാണ് നടപ്പിലാക്കിയത്.