മലയാളത്തിന്റെ മെഗാതാരം മോഹൻലാലും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിച്ചഭിനയിക്കുന്ന കാപ്പനും യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാമത്തെ ചിത്രമായ ദ സോയാഫാക്ടറും ഹോളിവുഡിലെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോയായ സിൽവസ്റ്റർ സ്റ്റാലന്റെ റാംബോ - ദ ലാസ്റ്റ് ബ്ളഡുമുൾപ്പെടെ അഞ്ച് ചിത്രങ്ങളാണ് നാളെ പ്രദർശന ശാലകളിലെത്തുന്നത്.
മോഹൻലാൽ പ്രധാനമന്ത്രിയായും സൂര്യ അംഗരക്ഷകനായുമെത്തുന്ന കാപ്പൻ കേരളത്തിൽ മുളകുപാടം ഫിലിംസാണ് റിലീസ് ചെയ്യുന്നത്.അയൻ, മാട്രാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാൻ നിർമ്മിച്ചിരിക്കുന്നത് ലൈക്കാ പ്രൊഡക്ഷ ൻസിന്റെ ബാനറിൽ സുബാസ്ക്കരനാണ്.ആര്യ, സയേഷ, ബോമൻ ഇറാനി, ഷംനാകാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങൾ കാപ്പാന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും.
അനുജ ചൗഹാന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദുൽഖർ സൽമാനും സോനം കപൂറും നായകനും നായികയുമാകുന്ന ദ സോയാഫാക്ടർ.ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ദ സോയാഫാക്ടർ സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമ്മയാണ്.തേരേ ബിൻ ലാദൻ, തേരേ ബിൻ ലാദൻ - ഡെഡ് ഓർ എ ലൈവ്, ദ ഷൗക്കീൻസ്, പരമാണു ദ സ്റ്റോറി ഒഫ് പൊക്രാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് ശർമ്മ.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായ നിഖിൽ ഖോഡ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ദ സോയാ ഫാക്ടറിൽ അവതരിപ്പിക്കുന്നത്. ക്രിക്കറ്റ് ടീമിന്റെ ഭാഗ്യചിഹ്നമായി മാറുന്ന സോയാ സോളാങ്കി എന്ന കഥാപാത്രമാണ് സോനം കപൂർ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിൽ ഉടലെടുക്കുന്ന ഹൃദയബന്ധമാണ് ചിത്രത്തിന്റെ കാതൽ.
ഷാജി എൻ. കരുണിന്റെ ഓള് നാളെ തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രമാണ്.ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഓളിന്റെ കഥ ഇതൾ വിരിയുന്നത് രണ്ട് വ്യത്യസ്തമായ പശ്ചാത്തലത്തിലാണ്. പരിഷ്കാരം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ഒരു തുരുത്തിലും മുംബയ് നഗരത്തിലും. ഷാജി എൻ. കരുണിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് വയലാർ അവാർഡ് ജേതാവായ ടി.ഡി. രാമകൃഷ്ണനാണ്. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ നോവലുകളുടെ രചയിതാവാണ് ടി.ഡി. രാമകൃഷ്ണൻ.അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റേതാണ് കാമറ.ഷെയ്ൻ നിഗം, ഇന്ദ്രൻസ്, പി. ശ്രീകുമാർ, എസ്തർ, കനിക സുനി, കാദംബരി ശിവായ, സംയുക്ത കാർത്തിക്ക് തുടങ്ങിയവർ വേഷമിടുന്ന ഓള് ഉർവശി തിയേറ്റേഴ്സാണ് പ്രദർശനത്തിനെത്തിക്കുന്നത്.
ലോക സിനിമയിലെ എക്കാലത്തെയും വലിയ ആക്ഷൻ സീരീസായ റാംബോയുടെ അഞ്ചാം ഭാഗമായ റാംബോ ലാസ്റ്റ് ബ്ളഡ് ലോകവ്യാപകമായി നാളെ തിയേറ്ററുകളിലെത്തും.മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടുപോയ സുഹൃത്തിന്റെ മകളെ രക്ഷിക്കുകയെന്നതാണ് റാംബോയുടെ പുതിയ ദൗത്യം.
1982ൽ ആണ് റാംബോ സീരീസിലെ ആദ്യ ചിത്രമായ റാംബോ ഫസ്റ്റ് ബ്ളഡ് പുറത്തിറങ്ങിയത്. സിൽവസ്റ്റർ സ്റ്റാലനെ ഹോളിവുഡിന്റെ ആക്ഷൻ ഹീറോയായി അവരോധിച്ച ചിത്രത്തിന് പിന്നെയും തുടർച്ചകളുണ്ടായി.
ലയൺസ് ഗേറ്റ് നിർമ്മിച്ച് അഡ്രിയാൻ ഗ്രൺബർഗ് സംവിധാനം ചെയ്യുന്ന റാംബോ - ദ ലാസ്റ്റ് ബ്ളഡ്, എഴുപത്തിമൂന്നുകാരനായ സിൽവസ്റ്റർ സ്റ്റാലന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് സൂചന.
മിഥുൻ രമേശ്, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, കിടിലം ഫിറോസ്, പാഷാണം ഷാജി, സുനിൽ സുഖദ, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേംനസീർ, പി. ശ്രീകുമാർ, അക്ഷര കിഷോർ, സീമ ജി. നായർ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന രണ്ടാം വ്യാഴമാണ് നാളത്തെ മറ്റൊരു റിലീസ്.
ഫോർലൈൻ സിനിമാസിന്റെ ബാനറിൽ ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഹാരീസ് അബ്ദുള്ളയാണ്. ജയചന്ദ്രനും കെ.എസ്. ചിത്രയും റിമി ടോമിയും മഞ്ജരിയും ജ്യോത്സനയും നജീം അർഷാദുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.